മുംബൈ: ഹനുമാനും ഡീപോര്‍ട്ട് ചെയ്ത പാകിസ്താന്‍ ചാരനും പൊതുവായി എന്താണുള്ളതെന്ന ചോദ്യം കേട്ടാല്‍ ഏതോ അസംബന്ധ നാടകത്തിലെ സംഭാഷണമാണെന്ന് തോന്നും. എന്നാല്‍ ഈ ചോദ്യം സമകാലിക ഇന്ത്യയിലെ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിന്ദുമതത്തില്‍ ദൈവമായി ആരാധിക്കുന്ന ഹനുമാനും ഡീപോര്‍ട്ട് ചെയ്ത പാകിസ്താന്‍ ചാരനായ മെഹ്ബൂബ് ഖ്തറിനും സ്വന്തമായി ആധാറുണ്ടെന്ന് മാത്രമല്ല രേഖകള്‍ പ്രകാരം അവര്‍ ഈ രാജ്യത്തെ ചെറുകിട കര്‍ഷകരാണ്. രണ്ടുപേര്‍ക്കും സ്വന്തമായി ഗ്യാസ് കണക്ഷനും ഉണ്ട്.

സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുവാന്‍ ആധാര്‍ സഹായിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. ഹനുമാന്‍ എന്ന ദൈവത്തിനും ഇന്ത്യ ഡീപോര്‍ട്ട് ചെയ്ത് പാകിസ്താനിലേയ്ക്ക് തിരിച്ചയച്ച ഐ എസ് ഐ ചാരന്‍ മെഹ്ബൂബ് രാജ്പുത്തിനും മാത്രമല്ല മറാഠി നടനായ റിതേഷ് ദേശ്മുഖിനും ചെറുകിട കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി അക്കൗണ്ടില്‍ പണം ലഭിച്ചുവെന്ന് ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റര്‍നെറ്റ് വഴിയും മറ്റും പരസ്യമായി ലഭ്യമായ ആധാര്‍ നമ്പരുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ എങ്ങനെയാണ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് എന്നാണ് ക്വിന്റിന്റെ റിപ്പോര്‍ട്ട്. ഹനുമാന്റെ പേരിലും മെഹ്ബൂബിന്റെ പേരിലും ആധാര്‍ നമ്പര്‍ ഉള്ള കാര്യം 2014ല്‍ വാര്‍ത്തയായിരുന്നു.
ആധാര്‍ കാര്‍ഡിലെ രേഖകള്‍ പ്രകാരം ‘ഹനുമാന്‍ ജി’ രാജസ്ഥാനിലെ സീക്കര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ‘പവന്‍’ (പുരാണത്തില്‍ വായുദേവനായ പവനന്റെ പുത്രനാണ് ഹനുമാന്‍) എന്നാണെന്നും 1959 ജനുവരി ഒന്നിനാണ് അദ്ദേഹം ജനിച്ചതെന്ന് ആധാര്‍ കാര്‍ഡിലുണ്ടായിരുന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന് ആധാര്‍ കാര്‍ഡ് ഡീയാക്ടിവേറ്റ് ചെയ്യപ്പെട്ടെങ്കിലും 2018ല്‍ ഈ ആധാര്‍ കാര്‍ഡില്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉണ്ടെന്നും ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമമായ ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2016 ഒക്ടോബര്‍ 17നാണ് മെഹ്ബൂബ് അഖ്തര്‍ എന്ന പാക് പൗരന്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയുടെ ഏജന്റ് ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് ‘മെഹബൂബ് രാജ്പുത്ത്’ എന്ന പേരില്‍ സ്വന്തമായി ഒരു ആധാര്‍ കാര്‍ഡുണ്ടായിരുന്നു. ഇത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. ഒരു പാകിസ്താന്‍ ചാരന് എങ്ങനെ ഇന്ത്യയില്‍ ഒരു ഒറിജിനല്‍ ആധാര്‍ കാര്‍ഡ് നേടാനായി എന്ന കാര്യം പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായി. രാജ്യസഭാംഗമായ കെവിപി ചന്ദ്രശേഖര റാവു ഇത് പാര്‍ലമെന്റില്‍ ഒരു ചോദ്യമായി ഉന്നയിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം 2017 ഡിസംബറിലും ഈ ആധാര്‍ കാര്‍ഡ് ആക്ടീവ് ആണെന്ന് ദ വയര്‍ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 ഒക്ടോബറില്‍ ഈ കാര്‍ഡിലേയ്ക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിരുന്നതായും ഈ കാര്‍ഡുപയോഗിച്ച് പാചകവാതക കണക്ഷന്‍ എടുത്തിരുന്നതായും കണ്ടെത്തി.
തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ച കാര്യം അറിയിച്ചുകൊണ്ട് 2013ല്‍ ആധാര്‍ കാര്‍ഡിന്റെ ചിത്രം സഹിതം മറാഠി സിനിമാനടനായ റിതേഷ് ദേശ്മുഖ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. ഇത്തരത്തില്‍ പരസ്യമായി ലഭ്യമായ ആധാര്‍ നമ്പരുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങളുണ്ട് എന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം പ്രധാനമന്ത്രി ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കിയ കിസാന്‍ സമ്മാന്‍ നിധിയാണ് ഹനുമാന്റെയും പാക് ചാരന്റെയും മറാഠി നടന്റെയും ആധാര്‍ നമ്പര്‍ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ലഭിച്ചിരിക്കുന്നത്. 2000 രൂപയുടെ ഗഡുക്കളായി മൊത്തം 6000 രൂപയാണ് ഒരു കര്‍ഷകന് ലഭിക്കുന്നത്. കിസാന്‍ സമ്മാന്‍ നിധി വഴി വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആധാറിന്റെ വ്യാജ രജിസ്‌ട്രേഷനുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അതുവഴി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സാങ്കേതിക വിദഗ്ദനായ അനിവര്‍ അരവിന്ദ് ഇവാര്‍ത്തയോട് പറഞ്ഞു. കെ വൈ സി, കെ വൈ ആര്‍ വിവരങ്ങളില്ലാതെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണിതിന് കാരണം, പാചക വാതക സബ്‌സിഡി ഉള്‍പ്പടെയുള്ള ഡയറക്ട് ബെനിഫിറ്റ് സ്‌കീമുകളില്‍ വ്യാജ ആധാരുകള്‍ ഉപയോഗിച്ച് വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അനിവര്‍ പറയുന്നു. ആധാറിന്റെ ആധികാരികതയില്ലായ്മ തുറന്നു കാട്ടുന്ന ‘റീതിങ്ക് ആധാര്‍’ എന്ന കൂട്ടായ്മയുടെ ഭാഗമാണ് അനിവര്‍ അരവിന്ദ്.
ഹനുമാന്റെ പേരിലുണ്ടായിരുന്ന ആധാര്‍ നമ്പര്‍ ‘രാംനാഥ്’ എന്ന പേരിലാണ് കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലുള്ള ഒരു കര്‍ഷകനാണ് ഇദ്ദേഹമെന്നാണ് രേഖകളിലുള്ളത്. ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്തിട്ടില്ല എന്നാണ് പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നതെങ്കിലും ഈ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 6000 രൂപ കൊടുത്തതായി വെബ്‌സൈറ്റിലുണ്ടെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് ചാരനായ മെഹ്ബൂബ് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഒരു കര്‍ഷകനാണ്. ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തെ നാടുകടത്തിയെങ്കിലും പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി വഴി രണ്ട് ഗഡുക്കളായി 4000 രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
മറാഠി സിനിമാനടനായ റിതേഷ് ദേശ്മുഖ് രേഖകള്‍ പ്രകാരം ഗുജറാത്തിലെ ദാഹോദ് ജില്ലയിലുള്ള ഗുല്‍ബര്‍ഗ ഗ്രാമത്തിലെ ഒരു കര്‍ഷകനാണ്. കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് 2000 രൂപയുടെ ആദ്യ ഗഡു ക്രെഡിറ്റ് ആയതായി രേഖകളില്‍ കാണാം. എന്നാല്‍ തന്റെ പേരില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഉള്ള കാര്യം തനിക്കറിയില്ലെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞതായി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീമുകളിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.