ദക്ഷിണ ചൈനാ കടലിൽ, വർദ്ധിച്ച് വരുന്ന ചൈനയുടെ സ്വാധീനം ചെറുക്കുന്നത് ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രതിരോധ കരാറിൽ ജപ്പാനും ഓസ്ട്രേലിയയും ഒപ്പു വച്ചു. ദക്ഷിണ ചൈനാക്കടലിലും പസഫിക് ദ്വീപ് രാജ്യങ്ങളിലും ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷി ഹൈഡ് സുഗയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സംയുക്തമായാണ് കരാറിൽ ഒപ്പുവച്ചത്.

അമേരിക്കയും ഇന്ത്യയും ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാർ ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി ആഴ്ചകൾ കഴിഞ്ഞാണ് പരസ്പര പ്രവേശന കരാർ (Reciprocal Access Agreement-RAA) വരുന്നത്. ജാപ്പനീസ്, ഓസ്‌ട്രേലിയൻ സൈനികർക്ക് പരസ്പരം രാജ്യങ്ങൾ സന്ദർശിക്കാനും പരിശീലനവും സംയുക്ത പ്രവർത്തനങ്ങളും നടത്താനും കരാർ അനുവദിക്കുന്നു. കരാർ അവരുടെ സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ സേന തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
