കറാച്ചി: ഇനിമുതല്‍ ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള ഓര്‍ഡിനന്‍സിന് പാകിസ്താന്‍ മന്ത്രിസഭയുടെ അംഗീകാരം.രാജ്യത്തെ നിയമ മന്ത്രാലയം സമര്‍പ്പിച്ച കരടിന് ഫെഡറല്‍ കാബിനറ്റ് മീറ്റിം?ഗില്‍ ഇമ്രാന്‍ ഖാന്‍ അനുവാദം നല്‍കുകയായിരുന്നു. പാകിസ്താന്റെ നിയമമന്ത്രി ഫറോഗ് നസീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമമന്ത്രാലയം ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുകയും അതിന് ശേഷം മന്ത്രിസഭ ഇത് പാസാക്കുകയുമായിരുന്നു.

ബലാത്സംഗ കേസുകള്‍ സമൂഹത്തിലെ ഗുരുതരമായ പ്രശ്‌നമാണെന്നും ഇതിനെതിരെ നിയമം നടപ്പിലാക്കാന്‍ വൈകിക്കരുതെന്നും പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. രാജ്യത്ത് ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് ഭയപ്പാടില്ലാതെ പരാതി നല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അവരുടെ വ്യക്തിത്വം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതോടൊപ്പം തന്നെ ബലാത്സംഗ കേസുകളില്‍ വളരെ വേഗത്തില്‍ വിധി പറയാനും സാക്ഷികളെ സംരക്ഷിക്കുന്നതിനുമുള്ള ബില്ലുകളും മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. മാത്രമല്ല, പോലീസ് സേനയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തലും പുതിയ നിയമനിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.