ബ്യൂണസ് അയേഴ്‌സ്: വിഷാദരോഗ ലക്ഷണങ്ങളെത്തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ലാ പ്ലാന്റയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്യൂണിസ് ഐറിസില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണിത്. ഗിംനസിയ എസ്ഗ്രിമ എന്ന ഫസ്റ്റ് ഡിവിഷന്‍ ടീമിന്റെ കോച്ചായ മറഡോണ കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെയാണ് താമസം.

കഴിഞ്ഞ ഒരാഴ്ച്ചയായി മറോഡണ വിഷാദത്തിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായിരുന്നില്ല. മറഡോണയുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ അദ്ദേഹത്തെ പൂര്‍ണ പരിശോധനയ്ക്ക് വിധേയനാക്കും.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍. ലോകത്തെമ്പാടുമുള്ള ആരാധകരും സെലിബ്രിറ്റികളും വന്‍ ആഘോഷമായാണ് പിറന്നാള്‍ ദിവസം കൊണ്ടാടിയത്. ഇതിന് പിന്നാലെയാണ് ഡീഗോയ്ക്ക് വിഷാദം രോഗമെന്ന വാര്‍ത്തയും പുറത്തു വരുന്നത്.
പിറന്നാള്‍ ദിനത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പാട്രോണാറ്റോയ്‌ക്കെതിരെ മറഡോണയുടെ ഗിംനസിയയുടെ മത്സരം കാണാന്‍ അദ്ദേഹം എത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തില്‍ 30 ന് അദ്ദേഹത്തിന്റെ ടീം വിജയിക്കുകയും ചെയ്തു. മാനസികമായി അദ്ദേഹം ഉന്മേഷാവനല്ലെന്നും ഇത് ആരോഗ്യത്തേയും ബാധിച്ചെന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗം പറയുന്നത്. അദ്ദേഹത്തെ സഹായിക്കുന്നതിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മറഡോണയ്ക്ക് ഇല്ലെന്നും വിഷാദ രോഗം പിടികൂടിയിരിക്കുകയാണെന്നും ഡോക്ടറും അറിയിച്ചു. എന്നാല്‍, കൊവിഡ്19 സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീന ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബിലെ കളിക്കാര്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് മറഡോണ. ലഹരി മരുന്നിന്റെ ക്രമാതീതമാ ഉപയോഗം മറഡോണയെ ഹൃദയരോഗിയാക്കിയിരുന്നു. 2019 ജനുവരിയില്‍ ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് മറഡോണ മേജര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്തതും മറഡോണയില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ കൊവിഡ്19 മറഡോണയുടെ ജീവന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് മറഡോണയെ അടിയന്തരമായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നിരീക്ഷണത്തിലാക്കിയതും.