ബാഴ്‌സലോണ: ഡീഗോ മറഡോണയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പെലെയും. അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിന്റെ ദിനമാണെന്ന് മെസ്സി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മില്‍ നിന്ന് ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്.

അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ ഒരു സുഹൃത്ത് വിട പറയുകയാണ്. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാള്‍ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികന്‍. അദ്ദേഹം വിടപറയുകയാണ്. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ് അദ്ദേഹം മറയുന്നത് ക്രിസ്റ്റിയാനോ ഫേസ്ബുക്കില്‍ കുറിച്ചു.

ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയും. ഒരു ദിവസം മറ്റൊരു ലോകത്ത് നമുക്ക് ഒരുമിച്ച് കളിക്കാമെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുഃഖകരമായ വാര്‍ത്ത. എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടമായി, ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ഈ വിട വാങ്ങല്‍ താങ്ങാനുള്ള ശക്തി നല്‍കട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്.