ലണ്ടന്‍: യുകെയിലെ കെന്റില്‍ കഴിഞ്ഞ ദിവസം ജനിതക മാറ്റം സംഭവിച്ച കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിന്‍ വഴി നേടിയ പ്രതിരോധ ശേഷി പോലും മറികടക്കാന്‍ സാധിക്കുന്ന കൊവിഡ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. യുകെ ജനറ്റിക്ക് സര്‍വലൈന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്കാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ലോകം മുഴുവനും ഈ വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്നാണ് ഷാരണ്‍ പീക്കോക്ക് പറയുന്നത്. കൊവിഡ് വാക്‌സിനേഷന് തുരങ്കം വയ്ക്കാന്‍ കെന്റ് വൈറസിന് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രമം വേണ്ടിവരും. ആവശ്യമെങ്കില്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും നല്‍കേണ്ടിവരുമെന്നും ഷാരണ്‍ പറയുന്നു. പ്രതിരോധത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച ശേഷം നല്‍കുന്നതാണ് ബൂസ്റ്റര്‍ ഡോസുകള്‍.

നേരത്തെ യുകെയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണ്. എന്നാല്‍ അവയ്ക്ക് സംഭവിക്കുന്ന ജനിതക പരിവര്‍ത്തനം വാക്‌സിനെയും മറികടക്കാന്‍ ശേഷിയുള്ളതാവുമെന്നും ഷാരണ്‍ പറയുന്നു. അതേസമയം, ലോകത്ത് ഇതുവരെ 23.66 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിനെ കൂടാതെ മറ്റ് വകഭേദങ്ങളും ലോകത്ത് പല സ്ഥലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും വകഭേദങ്ങളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആശങ്കയോടെ കണ്ടത്.