എല്ലാ മനുഷ്യരും തിരക്കിലാണ്. എന്നാല്‍ ലോകമെങ്ങും എല്ലാതരം തിരക്കുകളും എല്ലാവരും മാറ്റിവെച്ച ദിവസങ്ങള്‍ ആയിരുന്നു ലോക്ക് ഡൌണ്‍ കാലം. ഇവിടെ ഇതാ, ലോക്ഡൗണ്‍ കാലത്ത് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് സ്വന്തം ജീവിതപങ്കാളിയെ തന്നെ കണ്ടെത്തിയിരിക്കുകയാണ് ഇറ്റലിയിലുള്ള ഒരു യുവാവ്.

വളരെ രസകരമായ അനുഭവമാണ് ഇറ്റലിയിലെ വെറോണയില്‍ നിന്നുള്ള മൈക്കല്‍ ഡി അല്‍പവോസ് എന്ന മുപ്പത്തിയെട്ടുകാരനും പവോല ആഗ്‌നെല്ലി എന്ന നാല്‍പതുകാരിയും തമ്മില്‍ ഉണ്ടായ പ്രണയവും തുടര്‍ന്നുള്ള ജീവിതവും. രണ്ടുപേരും താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍ അഭിമുഖമായി നില്‍ക്കുന്ന തരത്തിലാണുള്ളത്. കെട്ടിടത്തിന്റെ ബാല്‍ക്കണികളും അതെപോലെയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ ആദ്യദിവസങ്ങളിലൊന്നില്‍, തികച്ചും യാദൃശ്ചികമായാണ് എതിര്‍വശം താമസിക്കുന്ന പവോലയെ മൈക്കല്‍ കാണുന്നത്. അപ്പോഴാവട്ടെ പവോലയുടെ സഹോദരി വയലിനില്‍ പാട്ട് പ്രാക്ടീസ്‌ചെയ്യുകയുമായിരുന്നു. ഈ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പവോലയില്‍ നിന്ന് കണ്ണെടുക്കാനാകാതെ മൈക്കല്‍ നോക്കി നിന്നു. ഏതാനും മിനുറ്റുകള്‍ക്കകം അവര്‍ തിരിച്ച് മൈക്കലിനേയും നോക്കി. ആദ്യമായി ആ നിമിഷം തന്നെ തങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചുവെന്നാണ് ഇരുവരും പിന്നീട് പറയുന്നത്.
നമ്മുടെ കഥാ നായകനായ മൈക്കലിന്റെ സഹോദരിയും പവോലയും പരിചയക്കാരായിരുന്നു. ഈ പരിചയത്തിന്റെ ചുവടുപിടിച്ച് മൈക്കല്‍ പവേലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആദ്യം കണ്ടെത്തി. അതിന്‌ശേഷം ഏതാനും ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമായിരുന്നു ഇരുവര്‍ക്കും ആശ്രയം. ക്രമേണ അത് ഫോണ്‍ കോളിലേക്ക് മാറുകയും പല രാത്രികളിലും പുലരും വരെയെല്ലാം ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഇരുവരും ബാല്‍ക്കണിയില്‍ വന്നുനിന്ന് പരസ്പരം കാണുകയും ചെയ്തിരുന്നു. എന്തായാലും നിലവില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിരസമായിരുന്ന ലോക്ഡൗണ്‍ കാലത്തെ ബാല്‍ക്കണി വിനോദങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് മനോഹരമായൊരു ജീവിതം തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിടയില്‍ നടന്ന രസകരമായൊരു കാര്യം എന്തെന്നാല്‍ വര്‍ഷങ്ങളായി ഇരുവരും അതേ അപ്പാര്‍ട്ടുമെന്റുകളിലാണ് താമസം എങ്കിലും എന്നിട്ടും ഇതുവരെ പരസ്പരം ശ്രദ്ധിക്കുകയോ, പരിചയപ്പെടുകയോ പോലുമുണ്ടായിട്ടില്ല എന്നതാണ്.