മോസ്‌കോ: റഷ്യ വികസിപ്പിച്ച കൊവിഡ് 19 വാക്‌സിനായ സ്പുട്‌നിക് വിക്ക് 95 ശതമാനം ഫലപ്രാപ്തി. ആദ്യ ഡോസ് നല്‍കി 42 ദിവസത്തിന് ശേഷമാണ് ഈ ഫലപ്രാപ്തി കണ്ടത്. സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച ആര്‍ ഡി ഐ എഫ് സോവറിന്‍ വെല്‍ത്ത് ഫണ്ട് മേധാവി കിരില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച 39 പേരില്‍ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. മാത്രമല്ല 18,794 പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം 91.4 ശതമാനവും 42ാം ദിവസം 95 ശതമാനവും ഫലപ്രാപ്തിയാണ് പ്രകടിപ്പിച്ചത്.

ലോകത്ത് ആദ്യമായി ക്ലിനിക്കല്‍ അംഗീകാരം ലഭിച്ച വാക്‌സിനാണ് സ്പുട്‌നിക്. റഷ്യ തന്നെയാണ് അംഗീകാരം നല്‍കിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷനാണ് ഇത് നിര്‍മിച്ചത്. ഇന്ത്യയില്‍ ഡോ.റെഡ്ഢീസ് ലാബിനാണ് പരീക്ഷണത്തിന്റെ ചുമതല. മറ്റ് പ്രധാന കൊവിഡ് വാക്‌സിനുകളായ ഓക്‌സ്‌ഫോഡ് ആസ്ട്രസെനിക്ക, മോഡേണ, ഫൈസര്‍ എന്നിവക്കും 90 ശതമാനത്തിലേറെ ഫലപ്രാപ്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.