വാഷിംഗ്ടണ്‍: സൗരയൂഥത്തിന് രണ്ടാം ഭ്രമണപഥം അല്ലെങ്കില്‍ അയനം (സെക്കന്‍ഡ് അലൈന്‍മെന്റ് പ്ലേന്‍) കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഉല്‍ക്കാ ചലനത്തെ സംബന്ധിച്ച പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. ദീര്‍ഘകാലം ആയുസ്സുള്ള ഉല്‍ക്കകളുടെ ഭ്രമണപഥങ്ങള്‍ നിരീക്ഷിച്ചാണ് കണ്ടെത്തല്‍ നടത്തിയത്.

സൂര്യനില്‍ നിന്ന് ഉല്‍ക്കകള്‍ അതിവിദൂരമാകുന്ന സ്ഥാനത്ത്, ഗ്രഹങ്ങള്‍ നിലനില്‍ക്കുന്ന ക്രാന്തിവൃത്തത്തിനോ (അയനം) അല്ലെങ്കില്‍ പുതുതായി കണ്ടെത്തിയ ക്രാന്തിവൃത്തത്തിനോ അടുത്തേക്ക് നീങ്ങാന്‍ ഇവ താത്പര്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തില്‍ ഉല്‍ക്കകള്‍ എങ്ങനെയാണ് ശരിക്കും രൂപപ്പെടുന്നത് എന്നതിന്റെ മാതൃകകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണിത്.

ഗ്രഹങ്ങളും മറ്റു വസ്തുക്കളും സൗരയൂഥത്തില്‍ ഒരേ ഭ്രമണപഥത്തില്‍ തന്നെയാണ് നീങ്ങുന്നതെങ്കിലും ഉല്‍ക്കകള്‍ അങ്ങനെയല്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഉല്‍ക്കകള്‍ പ്രത്യേകിച്ചും പതിനായിരക്കണക്കിന് വര്‍ഷങ്ങളെടുത്താണ് ഓരോ ഭ്രമണവും പൂര്‍ത്തിയാക്കുന്നത്. ഭ്രമണപഥത്തിന് അടുത്തുള്ള മേഖലയില്‍ ഇവ പരിമിതപ്പെടില്ല. വിവിധ ദിശകളില്‍ വരുന്നതും പോകുന്നതും കാണാം.