ജനീവ: കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങള്‍ ഇരട്ടിയാക്കിയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2000 മുതല്‍ 2019വരെ 7,348 വലിയ ദുരന്തമുണ്ടായതായി യുഎന്‍ ദുരന്ത ലഘൂകരണ സമിതി റിപ്പോര്‍ട്ട് ചെയ്തത്. 42 ലക്ഷം പേരെ ഗുരുതരമായി ബാധിച്ച ദുരന്തങ്ങളില്‍ 12.3 ലക്ഷം ആളുകള്‍ മരിച്ചു. 297000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. 1980– 1999 കാലയളവില്‍ 4,212 ദുരന്തംമാത്രമാണ് ഉണ്ടായത്. മനുഷ്യരുടെ ഇടപെടലിന്റെ ഫലമാണ് ഈ വര്‍ധനയെന്നും കാലാവസ്ഥാമാറ്റം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായതെന്ന് എമര്‍ജന്‍സി ഡിസാസ്റ്റര്‍ ഡാറ്റാബേസ് രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ പ്രകൃതിക്ഷോഭമുണ്ടായ രാജ്യം ചൈനയാണ്. അമേരിക്കയില്‍ ചൂട് കൂടുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രകൃതിക്ഷോഭങ്ങള്‍ ഏറെയുകൂടുതലും.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട 11,000 ദുരന്തം ഉണ്ടായതായി ലോക കാലാവസ്ഥാ സംഘടനയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് സര്‍വീസസ് റിപ്പോര്‍ട്ട് 2020 പറയുന്നു. 2018ല്‍ 10.80 കോടി ദുരന്തബാധിതര്‍ അന്താരാഷ്ട്ര സംഘടനകളുടെ സഹായം കൈപ്പറ്റി. 2030ഓടെ ഇതില്‍ 50 ശതമനംവര്‍ധനയുണ്ടാകും.