ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിലായി പൊതുസേവന രംഗത്ത് 200 ലധികം ഇന്ത്യൻ വംശജരാണ് നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നിട്ടുള്ളത്. അതിൽതന്നെ 60 ലധികം പേർ കാബിനറ്റ് സ്ഥാനങ്ങൾ വഹിക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു സംഘടനയുടെ ആദ്യ പട്ടിക പ്രകാരമാണ് യുഎസും യുകെയും ഉൾപ്പെടെ 15 ഓളം രാജ്യങ്ങളിൽ 200 ലധികം ഇന്ത്യൻ വംശജർ നേതൃസ്ഥാനം വഹിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സർക്കാർ വെബ്സൈറ്റുകളിൽ നിന്നും പൊതുവായി ലഭ്യമായ മറ്റ് ഉറവിടങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ഇന്ത്യസ്പോറ സർക്കാർ നേതാക്കളുടെ പട്ടിക പുറത്തിറക്കിയത്. വിവിധ മേഖലകളിലെ കമ്മ്യൂണിറ്റി നേതാക്കളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായിട്ടാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ പ്രവാസികളുടെ കുടിയേറ്റത്തിന്റെ ചരിത്രങ്ങളുള്ള രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ, നിയമസഭാംഗങ്ങൾ, സെൻട്രൽ ബാങ്കുകളുടെ മേധാവികൾ, മുതിർന്ന സിവിൽ ജീവനക്കാർ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരും സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ച പ്രൊഫഷണലുകളും പട്ടികയിൽ ഉൾപ്പെടുന്നു.