കൊറോണ വൈറസിന്റെ വ്യാപനത്തോടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌കുകൾ. മാസ്‌ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്.

മാസ്‌കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്‌ക്കിൽ പറ്റിപിടിച്ച അണുക്കൾ കൈകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ആരോഗ്യ പ്രവർത്തകർ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഇത്തരമൊരു അപകട സാധ്യത ഒഴിവാക്കാനായി അണുക്കളെ ചെറുക്കുന്ന ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്‌കുകൾ നിർമ്മിക്കുന്നത്.

DioX എന്ന ആന്റി വൈറൽ കോട്ടിംഗ് സാങ്കേതിക വിദ്യ ഒരു മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ നശിപ്പിക്കും. വൈറസിന്റെ പുറം ഭാഗത്തുള്ള പാളി തകർത്താണ് മാസ്‌കിലെ അദൃശ്യ ആവരണം ഇവയെ നശിപ്പിക്കുന്നത്. യുകെയിലും ദക്ഷിണാഫ്രിക്കയിലും പുതുതായി കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ആവരണം. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും പുറമെയുള്ള പാളിയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
അമോണിയം സോൾട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. അമോണിയം സോൾട്ട് സംയുക്തങ്ങൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. അമോണിയം സോൾട്ട് കോട്ട് ചെയ്യുന്ന മാസ്‌കുകൾക്ക് ഒരു മണിക്കൂറിൽ തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്. നാലു മണിക്കൂറിനുള്ളിൽ 100 ശതമാനം അണുക്കളെയും ഇത് ഇല്ലാതാക്കും.
പ്രത്യേക കോട്ടിംഗിൽ നിർമ്മിച്ചിരിക്കുന്ന ഈ മാസ്‌ക് 20 തവണ വരെ വീണ്ടും കഴുകി ഉപയോഗിക്കാം. എന്നാൽ ഓരോ അലക്കിനും ഇവയുടെ കാര്യക്ഷമത കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. സാർസ് കോവ് 2 വിനോട് ഘടനാപരമായും ജനിതകപരമായും സാദ്യശ്യമുള്ള MHV-A59 കൊറോണ വൈറസു കൊണ്ടാണ് മാസ്‌കിൽ പരീക്ഷണം നടത്തിയത്.