12-ാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണ രണ്ട് വയസുകാരിയുടെ രക്ഷകനായി ഫുഡ് ഡെിലിവറി ബോയ്. വിയറ്റ്‌നാമിലെ ഹനോയിലാണ് സംഭവം. 12-ാം നിലയിലെ ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. 31 വയസുകാരനായ നുയൻ ഇൻഗോകാനാണ് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവ സമയത്ത് തന്റെ കാറിൽ ഇരിക്കുകയായിരുന്നു നുയൻ. ഒരു സ്ത്രീയുടെ നിലവിളിയും കുഞ്ഞിന്റെ കരച്ചിലും കേട്ടതോടെയാണ് ഇദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങിയത്. കുഞ്ഞ് ബാൽക്കണിയിൽ തൂങ്ങിക്കിടക്കുന്നതാണ് നുയൻ കണ്ടത്. ഉടനെ നുയൻ കാറിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു.

അൽപ്പ നേരം ബാൽക്കണിയിൽ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്ക് വീഴുന്നത്. കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയൻ പറയുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെ കനം കുറഞ്ഞ ബാൽക്കണി കൈപ്പിടിയിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നുയന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് എത്തിയിരിക്കുന്നത്.