ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്‌സിൻ ബ്രസീലിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രവും ബോൾസനാരോ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി തങ്ങൾ നേരിട്ടു. തങ്ങളുടെ ആവശ്യപ്രകാരം വാക്‌സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് ബ്രസീലിലെത്തിയത്.

കൊവിഷീൽഡ് വാക്‌സിൻ കയറ്റി അയക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ആഴ്ച ബ്രസീൽ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. കൊറോണ വാക്‌സിനായി ബ്രസീൽ ആദ്യം ചൈനയെ ആണ് സമീപിച്ചിരുന്നത്. എന്നാൽ ചൈനയിൽ വാക്‌സിൻ കുത്തിവച്ചവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് സുരക്ഷ സംബന്ധിച്ച് ചൈനയെ ബ്രസീൽ ഒഴിവാക്കുകയായിരുന്നു.