സോൾ : ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതായി ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ച ശേഷം ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം 20 ലക്ഷം അടുത്തു. 63 പേർ മരിച്ചു. 7.4 ലക്ഷം പേർ നിലവിൽ ക്വാറന്റീനിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും സഹായവാഗ്ദാനം ഉത്തര കൊറിയ നിരസിച്ചതായാണു റിപ്പോർട്ടുകൾ.
പ്രതിരോധമാർഗങ്ങളെക്കുറിച്ച് പത്രം, ടിവി, റേഡിയോ തുടങ്ങിയവ വഴി അധികൃതർ ബോധവൽക്കരണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യത്ത് കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ കുറവും മരുന്നുകളുടെ ക്ഷാമവും മാത്രമല്ല, ആശുപത്രികളിൽ ഐസിയു സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമാണ്.