കെയ്റോ: ഈജിപ്ഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഏഴ് കൊറോണ വൈറസ് രോഗികൾ മരിച്ചു. ഗ്രെയ്റ്റർ കെയ്റോ പ്രദേശത്തെ ജില്ലയായ ഒബൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെയും മറ്റ് രോഗികളെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ജൂൺ മാസത്തിൽ മെഡിറ്ററേനിയൻ നഗരമായ അലക്സാണ്ട്രിയയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ കൊറോണ വൈറസ് വാർഡിൽ സമാനമായ തീപിടുത്തമുണ്ടായപ്പോൾ ഏഴ് രോഗികൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ് മാസത്തിൽ കെയ്റോയിലെ ഒരു കൊറോണ വൈറസ് ഐസോലേഷൻ സെന്ററിൽ മറ്റൊരു തീപിടുത്തമുണ്ടായി. എന്നാൽ അത് ആളപായമൊന്നും വരുത്തിയില്ല.