ബുക്കാറെസ്റ്റ്: റൊമാനിയയിൽ ഹോസ്പ്പിറ്റലിൽ തീ പിടിത്തം. 10 കൊറോണ രോഗികൾ മരിച്ചു, ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും ഗുരുതരമായി പരുക്കേറ്റു. പിയത്ര നീംറ്റിലെ ഹോസ്പിറ്റലിലാണ് സംഭവം.

ശനിയാഴ്ച വൈകിട്ടാണ് തീ പിടിത്തം ഉണ്ടായത്. ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് റൊമാനിയൻ ആരോഗ്യ മന്ത്രി നെലു ടടാരു അറിയിച്ചു.

അത്യാഹിത വിഭാഗത്തിൽ നിന്നും തീ പടർന്നുപിടിച്ചയുടൻ അവിടെയുണ്ടായിരുന്ന എട്ട് പേർ മരിച്ചു. അടുത്ത മുറിയിലെ രണ്ട് രോഗികളും ഉടൻതന്നെ മരിക്കുകയായിരുന്നു. വാർഡിലുണ്ടായിരുന്ന രോഗികളിൽ പലരും വെന്റിലേറ്ററിലായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റ് രോഗികളെ ലസിയിലെ ആശുപത്രിയിലേക്ക് മാറ്റി.
അത്യാഹിത സാഹചര്യത്തിൽ മറ്റു രോഗികളെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. മറ്റു ജീവനക്കാർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർഡിലെ ഓക്‌സിജൻ സപ്ലൈ അധികമായതിനാലാകാം തീ പടർന്നു പിടിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 350000 കൊറോണ കേസുകളും 8813 മരണങ്ങളും റിപ്പോർട്ട് ചെയ്ത രാജ്യമാണ് റൊമാനിയ.