ലണ്ടൻ: ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം. സെന്‍ട്രൽ ലണ്ടനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷേധം അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. ആൽട്വിച്ചിന് സമീപത്തെ ഇന്ത്യൻ എംബസിക്ക് സമീപം ആളുകൾ ഒത്തുകൂടിയിരുന്നു. അതുപോലെ തന്നെ ട്രഫൽഗർ സ്ക്വയർ ഏരിയയിലും ആളുകൾ പ്രതിഷേധ മാർച്ചുമായി ഒത്തുകൂടിയെന്നാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് റിപ്പോർട്ട്.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ കർഷകര്‍ക്കൊപ്പം എന്നറിയിച്ചു കൊണ്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പിരിഞ്ഞു പോകാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറാകാതെ വന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള പ്രദേശത്ത് മുപ്പത് പേരിൽ കൂടുതൽ ഒത്തു ചേരരുതെന്നാണ് നിർദേശം. ഇത് ലംഘിക്കുന്നവർക്ക് അറസ്റ്റും പിഴയുമാണ് ശിക്ഷ. ഇത് അവഗണിച്ചാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

ബ്രിട്ടീഷ് സിഖ് സമൂഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു ‘കർഷകർക്ക് നീതി’ ആവശ്യപ്പെട്ടു കൊണ്ട് ജനങ്ങൾ തെരുവിലേക്കിറങ്ങിയത്. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ച ഇവർ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിച്ചിരുന്നില്ല. അതുപോലെ തന്നെ പലരും ഫേസ്മാസ്കും ധരിച്ചിരുന്നില്ല. ഇതാണ് പൊലീസ് നടപടികൾക്കിടയാക്കിയത്.
അതേസമയം ഇന്ത്യാവിരുദ്ധ വിഘടന വാദികളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ പ്രതികരിച്ചത്. ‘ഇന്ത്യാവിരുദ്ധ വിഘടനവാദികളാണ് ഈ ഒത്തുചേരലിന് പിന്നാലെന്ന് വൈകാതെ വ്യക്തമാകും. ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന്‍റെ അവസരം മുതലെടുത്ത് പ്രത്യക്ഷത്തിൽ അവരെ പിന്തുണയ്ക്കാനെന്ന തരത്തിൽ നടത്തുന്ന ഈ പ്രതിഷേധം, യഥാർഥത്തിൽ അവരുടെ ഇന്ത്യൻ വിരുദ്ധ അജണ്ട പ്രകടമാക്കാനാണ്’ എന്നാണ് ഇന്ത്യൻ എംബസി വക്താവ് അറിയിച്ചത്.