ലാഹോര്‍: പാകിസ്താനില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. പുതിയ നിയമപ്രകാരം ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്താന്‍ അനുമതി നല്‍കുന്നു. അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് പ്രസിഡന്റ് ആരിഫ് ആല്‍വി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്

ഓര്‍ഡിനന്‍സിന് പാകിസ്താന്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. പുതുതായി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ബലാത്സംഗ കേസുകളുടെ വിചാരണ വേഗത്തിലാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നാല് മാസത്തിനുള്ളില്‍ കേസുകളുടെ വിചാരണ തീര്‍പ്പാക്കണമെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലൈംഗികാതിക്രമം നേരിട്ട ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തും.