ടെഹ്‌റാൻ: കൊറോണ ബാധിച്ച് രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും മറിയം അർബാബിയെന്ന പ്രൈമറി ടീച്ചർക്ക് തന്റെ കുട്ടികൾക്ക് അറിവ് പങ്കുവച്ച് കൊടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ആഗ്രഹം പാതിവഴിയിലാക്കി മരണം അവരെ കവർന്നെടുത്തു.

ഇറാനിലെ വടക്കൻ ഖൊറാസൻ പ്രവശ്യയിലെ ഗാർമെ നഗരത്തിലെ സ്‌കൂളിൽ അധ്യാപികയായിരുന്നു മറിയം. കൊറോണ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമ്പോഴും ഓൺലൈൻ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിവസങ്ങളോളം കൊറോണ വൈറസിനോട് പോരാടിയാണ് ആ അദ്ധ്യാപിക മരണത്തിന് കീഴടങ്ങിയത്. കൊറോണയ്‌ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം.
