ലണ്ടൻ: യുകെയിൽ എല്ലാവർക്കും കൊവിഡ് വാക്‌സിൻ അടുത്ത വർഷ ലഭ്യമാകില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്. എന്നാൽ, വാക്‌സിൻ ലഭ്യമാകുമ്പോൾ അത് എല്ലാവർക്കും നൽകാനായി സർക്കാർ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇതിനു പുറമേ, ക്രിസ്മസിന് ആളുകൾക്കു പരസ്പരം കാണുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തുമെന്നും ക്രിസ്മസിനോട് അനുബന്ധിച്ച് എല്ലാ കെയർ ഹോമുകളിലും കൂടുതൽ ടെസ്റ്റുകൾ നടത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, യുകെയിൽ ലോക്ക് ഡൗൺ ഉടൻ എടുത്തുമാറ്റില്ലെന്നും മന്ത്രി സൂചിപ്പിച്ചു. യുകെയിൽ കഴിഞ്ഞയാഴ്ചകളിൽ വലിയ തോതിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ ഓരോ പൗരനും പങ്കുണ്ട്. അകലം പാലിക്കൽ, ഐസലേഷൻ തുടങ്ങിയവ കർശനമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.