പരിഷ്കരിച്ച സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ തൽകാലം റദ്ദാക്കില്ലെന്ന് വാട്സ് ആപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തൽക്കാലം കമ്പനി മരവിപ്പിച്ചിരിക്കുന്നത്. പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ കൂടുതൽ സമയം നൽകുമെന്നും മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് വാട്സ് ആപ്പ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് ഇല്ലാതാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സ്വകാര്യതാ നയം മനസിലാക്കാൻ ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും വാട്സ് ആപ്പ് പറഞ്ഞു.

ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയർന്നിരുന്നു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ് ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം കഴിയുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ വാട്സ് ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയൂ. നയം സ്വീകരിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി എട്ടായിരുന്നു.

വാട്സ് ആപ്പ് നടപ്പാക്കിയ പുതിയ സ്വകാര്യതാ നയ മാറ്റത്തെ തുടർന്ന് ഉപയോക്താക്കൾ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുന്നതിന്റെ വേഗം വർധിച്ചതിനാലാണ് വാട്സ് ആപ്പിന്റെ ഈ പിൻമാറ്റം. പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിട്ട് വാട്സ് ആപ്പ് നേരത്തെ ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യക്തിഗത ചാറ്റുകൾക്ക് പുതിയ മാറ്റം ബാധിക്കില്ലെന്ന് വാട്സ് ആപ്പ് അറിയിച്ചെങ്കിലും ഈ വിശദീകരണങ്ങളൊന്നും ഉപയോക്താക്കൾക്ക് തൃപ്തികരമല്ലെന്ന് ബോധ്യമായപ്പോഴാണ് കമ്പനി തൽക്കാലം കുറച്ചു കൂടി സാവകാശമെടുത്തത്. അതേസമയം , ഡൗൺലോഡുകളുടെ കാര്യത്തിൽ വാട്സ് ആപ്പിനെ പിന്തള്ളി ശരവേഗത്തിലാണ് സിഗ്നൽ മുന്നേറിയത്.