ഇംഗ്ലണ്ട്: യുകെയിൽ കൂടുതൽ അപകടകാരിയായ വൈറസിനെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ലോകം ബ്രിട്ടന്റെ അതിർത്തികൾ അടക്കുന്നു. ഇന്ത്യ, പോളണ്ട്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, റഷ്യ, ജോർദാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ യാത്ര താൽക്കാലികമായി നിർത്തിവച്ചു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ അതിർത്തി പൂർണമായും അടച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാന്റ്സ്, ഓസ്ട്രിയ, അയർലൻഡ്, ബെൽജിയം, ഇസ്രായേൽ, കാനഡ എന്നിവയുൾപ്പെടെ മറ്റ് പല രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളാണ് കോവിഡ് മൂലം മരണപ്പെട്ടത്. ബ്രിട്ടനിൽ മാത്രം 67,000 ത്തിലധികം ആളുകൾ മരണപ്പെട്ടു. പുതിയ കൊറോണ വൈറസ് ബാധ ലോകമെമ്പാടും പരിഭ്രാന്തി വിതച്ചിരിക്കുകയാണ്.

ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ സാന്നിധ്യം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. പുതിയ വൈറസിന് 40% -70% വേഗത്തിൽ പകരാൻ കഴിയും.