മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം നിലയിൽ തീപിടിത്തം. രണ്ട് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് മുംബൈ ഫയർ ബ്രിഗേഡിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. 11-ാം നിലയിലെ ഏകദേശം 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഭാഗത്താണ് തീപടർന്നത്. വൈദ്യുത വയറിംഗും ഇൻസ്റ്റലേഷനുകളും എസി യൂണിറ്റും വീട്ടുപകരണങ്ങളും സോഫ, കിടക്ക, ഫാൾസ് സീലിങ്, അടുക്കള ഉപകരണങ്ങൾ എന്നിവയും തീപിടിത്തത്തിൽ കത്തിനശിച്ചു.
തീപിടിത്തം ആദ്യം ലെവൽ-ഒന്ന് ആയി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ലെവൽ-രണ്ട് ആയി ഉയർത്തി. പുലർച്ചെ ഒന്നോടെ തീ പൂർണമായും അണച്ചു.
സംഭവത്തിൽ പരിക്കേറ്റ എട്ട് പേരിൽ രണ്ടുപേരെ കൂപ്പർ ആശുപത്രിയിലും ആറ് പേരെ നാനാവതി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാനാവതി ആശുപത്രിയിൽ എത്തിച്ച രണ്ടര വയസ്സുകാരൻ അബിറും 23കാരിയായ അങ്കിതയും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Leave a Comment
Your comment will be visible after admin approval.