സംഭവിച്ചത് സാങ്കേതികപ്പിഴവ്; വാർത്താ മാധ്യമങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

Global Indian Writer · August 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ‘മെറ്റ’. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ (AI) സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു.

നിലവിൽ ഈ സാങ്കേതിക തകരാർ പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു. ഈ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. തുടർന്ന് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

വിവാദം ഉയർന്നതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബർ വിഭാഗവും അറിയിച്ചിരുന്നു. രാഷ്ട്രീയ വിമർശന സ്വഭാവമുള്ള പോസ്റ്റുകൾ നീക്കംചെയ്യാൻ ആവശ്യപ്പെടാറില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. അതേസമയം വ്യക്തിപരമായി അവഹേളിക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറുണ്ട്. നീക്കംചെയ്തുവെന്ന് ആരോപണം ഉയർന്ന പോസ്റ്റുകൾ ഈ വിഭാഗത്തിൽപ്പെട്ടവയല്ല. പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായെന്നും എന്നാൽ മെറ്റ ഇതുവരെ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ താൻ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും മെറ്റ നീക്കംചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ മത്സ്യത്തൊഴിലാളി മേഖലയിൽ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇത്തരത്തിൽ നീക്കംചെയ്യപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.