വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം (ഇലക്ട്രിക് എയർക്രാഫ്റ്റ്) എക്‌സ്1-ന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തി യു.എസ് വ്യോമയാന കമ്പനിയായ ഹാർട്ട് എയ്‌റോസ്‌പേസ്. 27 മിനിറ്റ് നീണ്ടുനിന്ന ഈ പറക്കലിൽ പൂർണമായും ബാറ്ററി പവറാണ് വിമാനം ഉപയോഗിച്ചത്. ഇതിനായി ഏകദേശം 5 ഡോളറിന്റെ (ഏകദേശം 500 രൂപ) വൈദ്യുതി മാത്രമാണ് ചെലവായതെന്ന് കമ്പനി പറയുന്നു. വ്യോമയാന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇടയാക്കിയേക്കാവുന്നതാണ് ഈ പരീക്ഷണപ്പറക്കൽ.
ന്യൂയോർക്കിലെ ഒരു പ്രാദേശിക വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഏകദേശം 1,100 അടി (335 മീറ്റർ) ഉയരത്തിൽ പറന്നാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ചെറിയ കൊമേഴ്‌സ്യൽ വിമാനത്തിന്റെ വലിപ്പമുള്ളതാണ് എക്‌സ് വൺ വൈദ്യുത വിമാനം. എക്‌സ് 1 എന്നത് ഒരു ചെറിയ പരീക്ഷണ വിമാനമല്ല. ഇതിന് 106 അടി വിസ്താരമുള്ള ചിറകുകളും 76 അടി നീളമുണ്ട്.
വൈദ്യുത വിമാനങ്ങൾ വിമാനയാത്രയുടെ നിരക്ക് കുത്തനെ കുറയ്ക്കുമോ?
ഏകദേശം 500 രൂപയ്ക്ക് ഈ വിമാനത്തിന് അര മണിക്കൂറോളം പറക്കാൻ സാധിക്കുമെങ്കിലും വിമാന യാത്രാനിരക്ക് ഭാവിയിൽ കുത്തനെ കുറയും എന്നല്ല അതിന്റെ അർഥം. 27 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലിന് ഉപയോഗിച്ച വൈദ്യുതിയുടെ വില മാത്രമാണ് ഈ 5 ഡോളർ (500 രൂപ). പൈലറ്റിന്റെ ശമ്പളം, അറ്റകുറ്റപ്പണികൾ, വിമാനത്താവള ഫീസ്, ഇൻഷുറൻസ്, ഫിനാൻസിങ്, ബാറ്ററിയുടെ മാറ്റവും തേയ്മാനവും എന്നിവ ഉൾപ്പെടെ ഒരു വിമാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് നിരവധി ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ല എന്നകാര്യം ഓർക്കണം.
അതുകൊണ്ട് 500 രൂപയുടെ വിമാന യാത്രകൾ പെട്ടെന്ന് സാധാരണമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും കുറഞ്ഞ ചെലവ് വൈദ്യുത വിമാനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് എന്നതിൽ തർക്കമില്ല. ഇലക്ട്രിക് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റുകൾക്ക് വ്യോമയാന സാമ്പത്തിക ശാസ്ത്രത്തെ സമൂലം മാറ്റാനും ആത്യന്തികമായി വിമാന യാത്രാ ചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഹാർട്ട് എയ്‌റോസ്‌പേസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ആൻഡേഴ്‌സ് ഫോർസ്ലാൻഡ് പറയുന്നു.
ഭാവി പദ്ധതി 30 സീറ്റുകളുള്ള ഹൈബ്രിഡ് വിമാനം
2031-ഓടെ സർവീസ് ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്ന 30 സീറ്റുകളുള്ള ഹൈബ്രിഡ്-ഇലക്ട്രിക് വിമാനമായ ‘ഇ.എസ്-30’ (ES-30)-യുടെ സാങ്കേതികവിദ്യകൾ പരിശോധിക്കാനാണ് എക്‌സ് 1 കമ്പനി ഉപയോഗിക്കുന്നത്. പരമ്പരാഗത യാത്രാ വിമാനങ്ങളെ അപേക്ഷിച്ച് ഇ.എസ്-30 വിമാനത്തിന്റെ പ്രവർത്തനച്ചെലവ് 40 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് ഹാർട്ട് എയ്‌റോസ്‌പേസ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ഊർജ്ജ ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണികൾ, വിമാനത്തിന്റെ ഉയർന്ന വിശ്വാസ്യത എന്നിവയാണ് ഈ വിലയിരുത്തലിന് പിന്നിലെന്ന് കമ്പനി പറയുന്നു. യുണൈറ്റഡ്, എയർ കാനഡ, ജെ.എസ്.എക്‌സ് (JSX) തുടങ്ങിയ എയർലൈനുകൾ ഇതിനകം തന്നെ ഈ വിമാനത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചെലവ് എത്രകണ്ട് കുറയും?
വൈദ്യുത വിമാനങ്ങളോ ഹൈബ്രിഡ് വിമാനങ്ങളോ ഒറ്റരാത്രികൊണ്ട് വിമാന ടിക്കറ്റ് നിരക്കുകൾ വളരെ കുറയ്ക്കാൻ സാധ്യതയില്ല. നികുതികൾ, എയർപോർട്ട് ഫീസ്, ജീവനക്കാരുടെ വേതനം, വിമാനങ്ങളുടെ ഫിനാൻസിങ് തുടങ്ങിയവ എന്നിവ ടിക്കറ്റ് നിരക്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഈ സാങ്കേതികവിദ്യ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുകയാണെങ്കിൽ യാത്രക്കാർക്ക് വലിയ മാറ്റം ആദ്യം ദൃശ്യമാകുന്നത് പ്രാദേശിക റൂട്ടുകളിലായിരിക്കും. കുറഞ്ഞ അളവിൽ ഇന്ധനമോ വൈദ്യുതിയോ ഉപയോഗിക്കുകയും കുറഞ്ഞ അറ്റകുറ്റപ്പണികൾ ആവശ്യമായി വരികയും ചെയ്യുന്ന ചെറിയ വിമാനങ്ങൾ പ്രാദേശിക റൂട്ടുകളിൽ വിമാനയാത്രകളുടെ ചെലവ് കുറച്ചേക്കാം.
Leave a Comment
Your comment will be visible after admin approval.