ടിക്കറ്റ് ബുക്കിങ്ങിൽ യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിലും നിർബന്ധമാക്കി ഒമാൻ എയർ

Global Indian Writer · August 20, 2026 · 1 min read · 0 Comments · 0 Shares

മസ്‌കത്ത്: ടിക്കറ്റ് ബുക്കിങ്ങിൽ യാത്രക്കാരുടെ സ്വന്തം ഫോൺ നമ്പറും ഇമെയിലും നിർബന്ധമാക്കി ഒമാൻ എയർ. വിമാന സർവീസുകൾ വൈകുകയോ സമയക്രമത്തിൽ മാറ്റം വരികയോ ചെയ്യുമ്പോൾ യാത്രാവിവരങ്ങൾ തത്സമയം നേരിട്ട് അറിയിക്കാനാണ് ഈ നീക്കമെന്നും ഒമാൻ എയർ അറിയിച്ചു.


എല്ലാ ബുക്കിങ്ങുകളിലും യാത്രക്കാരുടെ വ്യക്തിഗത ഇമെയിൽ വിലാസവും അന്താരാഷ്ട്ര കൺട്രി കോഡോടു കൂടിയ മൊബൈൽ നമ്പറും ഉൾപ്പെടുത്തണം. കഴിഞ്ഞ ദിവസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ട്രാവൽ ഏജൻസികൾ വഴിയോ മറ്റ് മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകൾ വഴിയോ ടിക്കറ്റ് എടുക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

യാത്രക്കാരുടെ വിവരങ്ങൾക്ക് പകരം ട്രാവൽ ഏജൻസികളുടെ ഇമെയിലോ ഫോൺ നമ്പറോ നൽകാൻ പാടില്ല. നൽകുന്ന വിവരങ്ങൾ യാത്രക്കാരന്റേതോ അല്ലെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട വ്യക്തിയുടേതോ ആയിരിക്കണം. മുൻപ് ഏജൻസികൾ വഴി ബുക്ക് ചെയ്യുമ്പോൾ സന്ദേശങ്ങൾ ഏജൻസിയിലേക്ക് പോയിരുന്നതിനാൽ യാത്രക്കാർക്ക് സമയബന്ധിതമായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പുതിയ സംവിധാനത്തിലൂടെ എസ്.എം.എസ്, വാട്‌സാപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടാൻ ഒമാൻ എയറിന് സാധിക്കും. കണക്റ്റിങ് ഫ്‌ലൈറ്റുകൾ ഉള്ളവർക്കും എയർപോർട്ട് ട്രാൻസ്ഫർ ഉള്ളവർക്കും അവസാന നിമിഷത്തെ മാറ്റങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് ഈ അടിയന്തര നടപടി. വിവരങ്ങൾ കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് ഒമാൻ എയർ അഭ്യർഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.