പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ ടാർഗറ്റഡ് ചികിത്സയ്ക്ക് അനുമതി

Global Indian Writer · August 28, 2026 · 1 min read · 0 Comments · 0 Shares

പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ ടാർഗറ്റഡ് ചികിത്സയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). ‘റാസോൺക്യൂ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന ‘ഡാറാക്സോൺറാസിബ്’ (daraxonrasib) എന്ന മരുന്നാണ് പാൻക്രിയാറ്റിക് കാൻസർ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്.

പാൻക്രിയാറ്റിക് കാൻസർ വളർച്ചയ്ക്ക് സഹായിക്കുന്ന ആർ.എ.എസ് (RAS) പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നാണിത്. 2026 ഓഗസ്റ്റ് 26-നാണ് ദിവസേന കഴിക്കാവുന്ന രൂപത്തിലുള്ള ഈ മരുന്നിന് അംഗീകാരം നൽകിയത്. ഇതിനകം കുറഞ്ഞത് ഒരു തവണ കാൻസർ ചികിത്സയിലൂടെ കടന്നുപോയിട്ടുള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് അഡിനോകാർസിനോമ ഉള്ളവർക്കാണ് ചികിത്സ നൽകുക. ‌‌

കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ആർ.എ.എസ് പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുകയാണ് മരുന്ന് ചെയ്യുന്നത്. മൂന്നാംഘട്ട RASolute 302 ട്രയലിനൊടുവിലാണ് എഫ്ഡിഎ മരുന്നിന് അംഗീകാരം നൽകിയത്. മുൻകാല ചികിത്സയ്ക്ക് ശേഷവും അർബുദം പടരുകയും രോഗം മൂർച്ഛിക്കുകയും ചെയ്തവരെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുമ്പ് ചികിത്സ തേടിയ മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ ബാധിച്ച 500 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. ഒന്നുകിൽ ഡാറാക്സോൺറാസിബോ അല്ലെങ്കിൽ ഫിസിഷ്യൻ തിരഞ്ഞെടുക്കുന്ന സ്റ്റാൻഡേർഡ് കീമോതെറാപ്പിയോ നൽകി.

തുടർന്നാണ് ഡാറാക്സോൺറാസിബ് നൽകിയവരിൽ 13.2 മാസവും കീമോതെറാപ്പി നൽകിയവരിൽ 6.7 മാസവുമാണ് അതിജീവനനിരക്ക് എന്നു കണ്ടെത്തിയത്. മരണസാധ്യത ഏകദേശം 60% കുറഞ്ഞുവെന്നും പഠനം പറയുന്നു. ചില രോഗികളിൽ ഈ മരുന്ന് ട്യൂമർ ചുരുക്കുക മാത്രമല്ല മറിച്ച് ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം രോഗികളിൽ അതിജീവന കാലയളവ് മെച്ചപ്പെടുത്താനായെന്നും ഗവേഷകർ പറയുന്നു.

അതേസമയം ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിൽ 96% പേരിലും ചികിത്സയുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുവന്ന പാടുകൾ, വയറിളക്കം, ഓക്കാനം, വായ്പ്പുണ്ണ് ഛർദ്ദി, ക്ഷീണം എന്നിവയാണ് ചികിത്സയുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങൾ.

പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ പരിമിതമായ കാൻസറാണിത്. മറ്റു പല അവയവങ്ങളിലേക്കും വ്യാപിച്ചതിനുശേഷമാവും രോഗസ്ഥിരീകരണം നടത്തുക. അവസാന ഘട്ടങ്ങളിൽ തിരിച്ചറിയുമ്പോൾ രോഗിയുടെ അതിജീവന നിരക്ക് പതിമൂന്ന് ശതമാനമായി കുറയും. കൂടാതെ പാൻക്രിയാറ്റിക് ട്യൂമറുകൾ കട്ടിയുള്ള ഒരു പാളിയാൽ മൂടപ്പെട്ടതാണ്. ഇത് പ്രതിരോധ കോശങ്ങളേയും കീമോതെറാപ്പി മരുന്നുകളേയും പ്രതിരോധിക്കാൻ പ്രാപ്തമാണ്. ഇതുകൊണ്ടാണ് പല കാൻസർ മരുന്നുകളും പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമാകാത്തത്. ‌‌‌

Share this story

Leave a Comment

Your comment will be visible after admin approval.