നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 584 ആയി ഉയര്‍ന്നു

Global Indian Writer · August 29, 2026 · 1 min read · 0 Comments · 0 Shares

കാഠ്മണ്ഡു:നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 584 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ കാണാതായ 320 ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാണാതായവരില്‍ 33 മലയാളികളും 37 പശ്ചിമബംഗാള്‍ സ്വദേശികളും ഉള്‍പ്പെടുന്നു. ഇവരുമായി ബന്ധപ്പെട്ടാന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് നേപ്പാളിലെത്തിയ 146 ഇന്ത്യക്കാരെ ഇന്ന് തന്നെ നാട്ടില്‍ തിരിച്ചെത്തിക്കും. ടിബറ്റന്‍ അതിര്‍ത്തി മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 250ലധികം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്ന 63 ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നായി ഇതുവരെ ആകെ 622 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉത്തരാഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പ്രത്യേക ദുരന്തനിവാരണ സേനയെ ഇന്ത്യ ഇന്ന് നേപ്പാളിലേക്ക് അയക്കും.

Share this story

Leave a Comment

Your comment will be visible after admin approval.