ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

Global Indian Writer · August 30, 2026 · 1 min read · 0 Comments · 0 Shares

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ : ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പന്ത്രണ്ടാമത് ടൂർണമെന്റ് ഷിക്കാഗോയിൽ അരങ്ങേറുമ്പോൾ, അനൗൺസ്മെന്റിൽ അഗ്രഗണ്യരായ കമന്റേറ്റർമാരുടെ ഇടിമുഴക്കവും ഇത്തവണ വടംവലിക്കളത്തെ ആവേശഭരിതമാക്കും. കമന്ററിയിലൂടെ വടംവലി പ്രേമികളുടെ ആവേശം വാനോളമുയർത്തുന്ന മൂവർസംഘം ഇത്തവണയും ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിക്ക് ശബ്ദമാകുവാനായി എത്തുകയാണ്.

കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി, ചിക്കാഗോ വടംവലി മത്സരം ആരംഭിച്ചതു മുതൽ കമന്ററി സംഘത്തിന്റെ നെടുംതൂണായിരുന്ന ഷിക്കാഗോയുടെ സ്വന്തം സജീ പുതൃക്കയിൽ, കുറെ വർഷങ്ങളായി ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിയുടെയും നോർത്ത് അമേരിക്കയിലെ വിവിധ വടംവലി മത്സരങ്ങളുടെയും കമന്ററിക്ക് നേതൃത്വം നൽകിയ ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റോണാൾഡ് പൂക്കുമ്പേൽ, അവരോടൊപ്പം കേരളത്തിലെ സുപ്രധാന വടംവലി മത്സരങ്ങളിൽ മനോഹരമായി കമന്ററി പറഞ്ഞ് നിരവധി കൈയടികൾ നേടിയ പരിചയസമ്പന്നതയുടെ മുഖമായി മലബാറിന്റെ മണ്ണിൽനിന്ന് ചിക്കാഗോയിലേക്ക് എത്തുന്ന സിജിൽ രാജു എന്നിവരാണ് ഇത്തവണത്തെ വടംവലിയുടെ കമന്ററി ഗംഭീരമാക്കുവാൻ തയ്യാറാകുന്നത്.

വടംവലിക്കളത്തിലെ ഓരോ നീക്കവും ആവേശവും കാണികളിലേക്ക് എത്തിച്ചുകൊണ്ട്, മത്സരത്തിന്റെ ചൂടും വീറും ഇരട്ടിയാക്കുന്ന ഈ മൂവർസംഘത്തിന്റെ ശബ്ദമുഴക്കം ഇത്തവണയും ചിക്കാഗോയിലെ വടംവലി വേദിയിൽ ആവേശത്തിന്റെ ഇടിമുഴക്കമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സെപ്റ്റംബർ ആറിന് ബെൻസൺവില്ലിലെ Energy Sports Complex-ൽ വെച്ചാണ് വടംവലി മത്സരങ്ങൾ അരങ്ങേറുക. ഈ വടംവലി മത്സരം ആസ്വദിക്കുവാനും, മത്സരത്തെ വിജയിപ്പിക്കുവാനും ലോകമെമ്പാടുമുള്ള എല്ലാ വടംവലി പ്രേമികളെയും ചിക്കാഗോയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി വടംവലി കമ്മിറ്റിക്കുവേണ്ടി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.