ന്യൂയോർക്ക്: ഗൂഗിളിന്റെ ആദായത്തിൽ കനത്ത ഇടിവ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ വാർഷിക റിപ്പോർട്ടിലാണ് ഗൂഗിളിന്റെ വരുമാനത്തിലെ ഇടിവ് കണക്കാക്കിയിരിക്കുന്നത്. രണ്ടാം പാദത്തിൽ 13.9 ബില്യൺ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണിൽ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യൺ ഡോളറായി.
ലോകത്തിലെ ടെക് കമ്പനികൾ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ഗൂഗിളും അഭിമുഖീകരിക്കുന്നത്. അതേസമയം പരസ്യ വില്പന 4 ശതമാനം വർദ്ധിച്ച് 39.5 ബില്യൺ ഡോളറിലെത്തി. 41 ബില്യൺ ഡോളർ വരുമാനമാണ് വിദഗ്ദർ പ്രതീക്ഷിച്ചിരുന്നത്. ആൽഫബെറ്റിന് യുട്യൂബിൽ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു. ഗെയിമിംഗിൽ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.
അതേസമയം, ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകി. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്താൻ ഗൂഗിളിനോട് കമ്മീഷൻ നിർദ്ദേശിച്ചു. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റെതാണ്.
2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമാണ വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എഞ്ചിൻ ഡീഫോൾട്ടോക്കാൻ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. അന്വേഷണം നടത്തിയി സിസിഐ (CCI) വെബ് ലോകത്തെ തെരച്ചിലിലെ മേൽക്കോയ്മ നിലനിർത്താൻ ഗൂഗിൾ അസന്മാർഗിക രീതികൾ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തിയത് എന്ന് സിസിഐ വ്യക്തമാക്കി.