പി പി ചെറിയാൻ
വാഷിങ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് മോശമായി പെരുമാറുകയും ജീവനക്കാരെയും യാത്രക്കാരെയും ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിടപ്പെട്ട 67-കാരന് ജോലി നഷ്ടമായി. അരിസോണയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വൈസ് പ്രസിഡന്റായിരുന്ന ആര്‍തര്‍ ലുഡ്വീനാണ് കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.
ടെക്സസിലെ ഡല്ലാസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂജേഴ്സിയിലെ നെവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 618-ലാണു വിവാദമായ സംഭവം നടന്നത്. വിമാനയാത്രയ്ക്കിടെ കടുത്ത മദ്യലഹരിയിലായിരുന്ന ആര്‍തര്‍ ലുഡ്വീന് പ്രകോപനപരമായി പെരുമാറുകയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നേരെ വംശീയവും അശ്ലീലവുമായ അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്യുകയായിരുന്നു.
സംഭവം ഗുരുതരമായതോടെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് ഇയാളുടെ കൈകള്‍ സിപ്പ് ടൈ ഉപയോഗിച്ച് ബന്ധിക്കുകയും, ശരീരവും മുഖവും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ ഒട്ടിച്ചു കെട്ടുകയുമായിരുന്നു. തുടര്‍ന്ന് വിമാനം ബാള്ട്ടിമോറിലെത്തിച്ച് ലുഡ്വീനെ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരെ സെക്കൻഡ് ഡിഗ്രി അസോൾട്ട്, പൊതുസ്ഥലത്ത് മോശമായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. എഫ്.ബി.ഐ ഉള്‍പ്പെടെയുള്ള ഏജൻസികൾ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Leave a Comment
Your comment will be visible after admin approval.