തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 10 മുതൽ സംസ്ഥാനത്ത് മഴയുടെ സാധ്യത വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പുനലൂരിൽ കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ മാസത്തിൽ തന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉയർന്ന ചൂട് ജനജീവിതത്തെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പകൽ സമയത്ത്, പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ, നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നിർജലീകരണം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചൂട് ശക്തമാകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂട് കൂടുന്നതോടെ തീപിടിത്ത സാധ്യതയും വർധിക്കാമെന്നതിനാൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ഇന്ത്യ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനത്തിൽ കേരളത്തിലും മാഹിയിലും സെപ്റ്റംബർ 8–9 കാലയളവിലും തുടർന്ന് സെപ്റ്റംബർ 13–14 കാലയളവിലും ഒറ്റപ്പെട്ടതോ ചിതറിയതോ ആയ മഴയ്ക്ക് സാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.