അവസരങ്ങൾ തേടിവന്നവർ അതിരുവിടുമ്പോൾ (ബ്ലസൻ ഹ്യൂസ്റ്റൻ)

Global Indian Writer · September 9, 2026 · 1 min read · 0 Comments · 0 Shares

ഇൻഡ്യാക്കാർക്കെതിരെ പല വിദേശ രാജ്യങ്ങളിലും അക്രമണം നടക്കുന്നു. തങ്ങളുടെ രാജ്യത്തുനിന്ന് ഇന്ത്യക്കാർ പുറത്തുപോകണം എന്ന് തദ്ദേശീയർ മുറവിളി കൂട്ടുന്നു തുടങ്ങിയ വാർത്തകൾ പുറത്തുവരുമ്പോൾ വിദേശത്ത് മലയാളികൾ ഈ വർഷത്തെ ഓണാഘോഷത്തിനിടെ ചേരിതിരിഞ്ഞുകൊണ്ട് അടിപിടി കൂടിയത് മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെ ഒന്നടങ്കം അപമാനപ്പെടുത്തി. ലോകത്തിലെ വൻ ശക്തിയാകാൻ പോകുന്നു എന്ന് ഓരോ ദിവസവും വിളിച്ചുപറയുന്ന ഇന്ത്യയിൽ നിന്ന് ആളുകൾ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുണ്ട് . അവരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുടിവരുന്നുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർ അവിടെയുള്ള തദ്ദേശീയരെക്കാൾ കൂടുതലാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദേശികളുള്ളത് ഇന്ത്യയിൽ നിന്നാണ്. ചുരുക്കത്തിൽ മരങ്ങളിൽ ഇത്തിൾ പോലെയാണ് വിദേശത്ത് ഇന്ത്യക്കാർ എന്ന് തന്നെ പറയാം. ചന്ദ്രനിലോ ചൊവ്വയിലോ താമസം തുടങ്ങിയാൽ ആദ്യം പോകുന്നത് ഒരുപക്ഷെ ഇന്ത്യക്കാരായിരിക്കും. പുതിയ മേച്ചിൽ പുറം തേടുന്നതിൽ ഇന്ത്യക്കാർ എന്നും മുൻ പന്തിയിലായിരിക്കും.

അങ്ങനെ ഇന്ത്യക്കാർ കുടിയേറാത്ത രാജ്യങ്ങൾ ഇല്ലായെന്നുതന്നെ പറയാം. വിരലിലെണ്ണാവുന്ന രാജ്യങ്ങളെ ഉള്ളു ആ പട്ടികയിൽ. അത് ഇന്ത്യക്കാരുടെ മഹത്വം കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ അവരുടെ ജീവിത രീതികൊണ്ടാണ്. ജി ഡി പിയിലും സാമ്പത്തീക ശക്തയിലുംഇന്ത്യയേക്കാൾ താഴെ നിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്കാർ കുടിയേറുന്നത് ഇന്ത്യയേക്കാൾ മെച്ചപ്പെട്ട സാഹചര്യങ്ങളും സംവിധാനങ്ങളും അവിടെയുള്ളതുകൊണ്ടാണ്. ചുരുക്കത്തിൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാകാൻ വേണ്ടി. അങ്ങനെ അന്യരാജ്യങ്ങളിൽ കുടിയേറുന്നവർ ആ രാജ്യങ്ങളിൽ അവർ കാട്ടിക്കൂട്ടുന്നത് ആ രാജ്യത്തെ സംസ്‌കാരത്തിനും രീതികൾക്കും നിയമത്തിനും വിപരീതമായ രീതിയിലാണ്. തങ്ങളുടെ രാജ്യത്തെ ആചാരങ്ങളും ആഘോഷങ്ങളും അതെ പടി തങ്ങൾ കുടിയേറിയ രാജ്യത്തും നടത്തുമ്പോൾ അത് ആ രാജ്യത്തിന്റെ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ്. യൂറോപ്പിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും ഹോളിയും മറ്റ് ആഘോഷങ്ങളും ഇന്ത്യക്കാർ നടത്തുമ്പോൾ അതിര് വിടുന്ന കാഴ്ചയാണ് ഇന്ന് ഉണ്ടാകുന്നത്. പൊതു നിരത്തുകളെ പരമാവധി മലിനപ്പെടുത്തി ജനങളുടെ സഞ്ചാര സ്വാതന്ത്ര്യം പരമാവധി തടസപ്പെടുത്തികൊണ്ടും തങ്ങളേതോ മഹത്തായ കാര്യങ്ങൾ ചെയ്യുന്നു എന്നരീതിയിലാണ് ഈ ആഘോഷങ്ങളൊക്കെ നടത്തുന്നത് .

അത് തദ്ദേശീയരുടെ എതിർപ്പിന് ഇപ്പോൾ കാരണമാകുന്നു. പരിസര ശുദ്ധി കാത്തുപരിപാലിക്കുകയും സഞ്ചാര സ്വാതന്ത്രിയം പരമാവധി അനുവദിക്കപ്പെടുന്നവരുടെ ഇടയിലേക്ക് ഇതിന് വിപരീതമായ പ്രവർത്തി ചെയ്യമ്പോൾ അവർ എതിർക്കുന്നതിലും പ്രതിഷേധിക്കുന്നതിലും അവരെ തെറ്റ് പറയാൻ കഴിയില്ല. നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല. അത് അതിര് വിട്ടാൽ അതിനെതിരെ പ്രതികരിക്കുന്നതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. സംരക്ഷിക്കാൻ കഴിയാത്ത മാതൃ രാജ്യത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷണം നൽകുന്ന രാജ്യത്ത് നടത്തുമ്പോൾ അത് അതിരുകടക്കരുത്. അത് മാത്രമല്ല ആഘോഷങ്ങൾ ഇപ്പോൾ അതിരുകടന്ന് അടിപിടിയിലേക്കും എത്തിയിരിക്കുന്നു. ആഘോഷങ്ങൾക്കൊപ്പം മേമ്പൊടിയായി അടിപിടിയെന്ന പാരമ്പര്യകലാരൂപം കൂടി അരങ്ങേറുമ്പോൾ ഇന്ത്യക്കാരെ മൂന്നാംകിട പൗരൻമ്മാരായി തന്നെ വിലയിരുതുന്നതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ജനിച്ച നാട്ടിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിക്കുന്ന നാട്ടിലും നടത്തുന്നതിൽ തെറ്റില്ല. എന്നാൽ അത് ആ നാട്ടിലെ ജനത്തെ കാണിക്കാനും അവരുടെ മുൻപിൽകൂടി ആളുകളിച്ച് നടക്കുമ്പോൾ അവർ നമ്മെ അതിഥികളായി കൊണ്ടുവന്നതല്ല മറിച്ച നാം അവസരങ്ങൾ തേടിയെത്തിയതാണ്. അത് പോരാഞ്ഞിട്ട് ആ രാജ്യത്തെ നിയമം കൈയ്യിലെടുത്ത് ക്രമസമാധാനം കൂടി തകർക്കുമ്പോൾ അത് ആ രാജ്യത്തോട് കാണിക്കുന്ന നന്ദിയില്ലായ്മ്മയാണ്. നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. അത് വരും തലമുറയുടെ വാതിൽ കൂടി അടക്കും. ഇന്ത്യക്കാർ പല ഭാഗത്തും ആക്രമിക്കപ്പെടുമ്പോൾ അതിന് കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത് ഇന്ത്യക്കാർ കാണിച്ചു കിട്ടുന്ന കോപ്രായങ്ങളാണ്. അതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. അവസരങ്ങൾ തേടിവന്നവർ അതിരുവിടുമ്പോൾ അവരോടാണ് അക്രമങ്ങൾ എങ്കിലും അതിൽ ഇരയാകുന്നതിൽ നിരപരാധികളുമുണ്ട്

Share this story

Leave a Comment

Your comment will be visible after admin approval.