തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി സർക്കാർ സഹായം തേടി കെ.എസ്.ഇ.ബി. വൈദ്യുതി ഉപഭോഗം ഉയർന്നതും ലഭ്യതയിൽ കുറവ് നേരിടുന്നതും കാരണം കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
നിലവിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തിക്കാനാണ് നീക്കം. ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബി ഡയറക്ടർമാർ നേരിട്ട് ചർച്ച നടത്തും. പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി വൈദ്യുതി എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. നിലവിൽ യൂണിറ്റിന് 13 രൂപയ്ക്ക് മേൽ നൽകേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിലവിലെ പ്രതിസന്ധി തുടർന്നാൽ വൈദ്യുതി വാങ്ങുന്നതിനായി വരുന്ന അധിക ചെലവ് ഭാവിയിൽ സർചാർജ് രൂപത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.