തിരുവനന്തപുരം : സിപിഎം മതത്തിന് എതിരല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘വിശ്വാസികള്‍ക്കെതിരായോ മതത്തിനെതിരായോ യുക്തിവാദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയെന്നത് സര്‍ക്കാരിന്റെ നയമല്ല. ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുകയാണ് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തന്‍പള്ളി മേഖലയിൽ സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കവെയാണ് എം.വി. ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുന്നത്.
‘2025 ൽ ആർഎസ്എസിന്റെ 100–ാം വാർഷികമാണ്. ഹിന്ദുരാഷ്ട്രം വേണമെന്നതാണ് ആർഎസ്എസിന്റെ രൂപീകരണസമയത്തുള്ള മുദ്രാവാക്യം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ബിജെപി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങും. ജനാധിപത്യവും ഭരണഘടനയുമൊക്കെ ഇല്ലാതാകും. മതധ്രുവീകരണത്തിനെതിരെ മുഴുവൻ ആളുകളെയും ഏകോപിച്ചുകൊണ്ടുപോകാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിൽ മതവും ജാതിയുമില്ല.’–എം.വി.ഗോവിന്ദൻ പറഞ്ഞു. പാഠപുസ്തകത്തിൽ മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.