കാലിഫോര്‍ണിയ: സ്വന്തം സമ്പത്തിൽ നിന്ന് നിന്ന് 200 ബില്യൺ ഡോളർ (ഏകദേശം 1600 കോടി രൂപ) നഷ്ടമാവുന്ന ലോകത്തെ ആദ്യ വ്യക്തിയായി ടെസ്‍ല സിഇഒ ഇലോൺ മസ്‌ക്. ബ്ലൂംബെർഗ് ബില്യണെയർ ഇൻഡക്സ് പ്രകാരം ടെസ്‍ല ഓഹരികൾ കഴിഞ്ഞ ആഴ്ചകളിൽ ഇടിഞ്ഞതിനെ തുടർന്നാണ് ഇലോൺ മസ്‌കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞത്.
2021 ജനുവരിയിലാണ് മസ്‌കിന്റെ ആസ്തി 200 ബില്യൺ ഡോളർ കടന്നത്. 2021 നവംബറിൽ മസ്‌കിന്റെ ആസ്തി 340 ബില്യൺ ഡോളറായിരുന്നു. ടെസ്‍ലയുടെ ഓഹരി വില ഇടിഞ്ഞതിന് പുറമെ ട്വിറ്റർ ഇടപാടുകൾക്കായി ഓഹരികൾ വിറ്റതുമാണ് മസ്‌കിന്റെ ആസ്തി കുറയാൻ കാരണം. ഇക്കാലയളവിൽ 203 ബില്യൺ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയിൽ ഉണ്ടായത്. ഈ മാസം ഫ്രഞ്ച് വ്യവസായിയായ ബെർണാഡ് അർനോൾട്ട് മറികടക്കുന്നത് വരെ ഇലോൺ മസ്‌കായിരുന്നു ലോകത്തിലെ ഏറ്റവും ധനികൻ.
ഈ വർഷം ഇതുവരെ ടെസ്‌ലയുടെ ഓഹരികൾ 69 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വർഷം മുഴുവൻ വിറ്റിരുന്നു. ഏപ്രിൽ മുതൽ കുറഞ്ഞത് 23 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ടെസ്‌ല ഓഹരികൾ അദ്ദേഹം വിറ്റഴിച്ചിട്ടുണ്ടെന്നും നിലവിൽ മസ്‌കിൻറെ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻറെ ഓഹരി 44.8 ബില്യൺ ഡോളറാണെന്നും ബ്ലൂംബെർഗ് പറയുന്നു.
44 ബില്യൺ ഡോളറിനായിരുന്നു ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വൻ തിരിച്ചടികളാണ് മസ്‌ക് നേരിടേണ്ടി വന്നത്. ഒടുവിൽ ട്വിറ്റർ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറണോ എന്ന പോളും മസ്‌കിനെതിരായിരുന്നു. ഒടുവിൽ താൻ ട്വിറ്ററിന്റെ തലപ്പത്ത് നിന്ന് മാറുകയാണെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. മസ്‌കിന്റെ പരിഷ്‌കരണങ്ങൾ മൂലം ലോകത്തെമ്പാടുമുള്ള പല പ്രമുഖരും ട്വിറ്റർ ഒഴിവാക്കിയിരുന്നു.ഇതെല്ലാം മസ്‌കിന് തിരിച്ചടിയായെന്നും റിപ്പോർട്ടുകളുണ്ട്. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ ബെർണാഡ് അർണോൾട്ടിന് പിന്നിൽ രണ്ടാമതാണ് മസ്‌ക്. 162 ബില്യൺ ഡോളറാണ് അർണോൾട്ടിന്റെ ആസ്തി.ഇന്ത്യയുടെ ഗൗതം അദാനിയാണ് മൂന്നാമത്. 121 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്‍റെ സമ്പത്ത്.