കൊച്ചി: കൊച്ചിയിലെ പുതുവർഷാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേർ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയിലെ പുതുവത്സരാഘോഷത്തിനായി എത്തിയതെന്നാണ് കണക്ക്. നഗരത്തിൽ വലിയ തിരക്കാണ് തലേന്ന് രാത്രിയും അനുഭവപ്പെട്ടിരുന്നത്.
പൊലീസുകാർ ഉൾപ്പടെയുളളവർക്കാണ് തിക്കിലും തിരക്കിലുംപ്പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് പിഴവുണ്ടായെന്നുളള ആരോപണം നിലനിൽക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നും തന്നെ സ്ഥലത്തുണ്ടായിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനായി മൂന്ന് ആംബുലന്‍സുകളാണ് അധികൃതർ ഒരുക്കിയതെങ്കിലും ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയതാണ് അപകടയാസാധ്യതയ്ക്ക് കാരണമായത്. ഇവിടെ നിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ ഒന്ന് മാത്രമാണ് സർവീസ് നടത്തിയത്.