കുവൈത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് സ്‌പോർട്‌സ് അതോറിറ്റി അറിയിച്ചു. സ്‌പോർട്‌സിന് കൂടുതൽ പ്രാധാന്യം നൽകുവാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങളുടെ നിർമാണമെന്ന് അധികൃതർ പറഞ്ഞു. സ്റ്റേഡിയങ്ങൾ നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിലെ കസ്മ, കുവൈറ്റ് സ്റ്റേഡിയങ്ങൾ നവീകരിക്കാനും സുലൈബിഖാത്ത്, ഫഹാഹീൽ, അൽ ഖാദിസിയ, അൽ അറബി എന്നിവിടങ്ങളിലായി പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുമാണ് പദ്ധതി.
നിലവിൽ രാജ്യത്ത് അന്തരാഷ്ട്ര നിലവാരത്തിൽ ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം മാത്രമാണുള്ളത്. ആധുനിക സംവിധാനങ്ങളുടെ കാര്യത്തിൽ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ശൈഖ് ജാബിർ സ്റ്റേഡിയം അറിയപ്പെടുന്നത്. 2005ൽ അർദിയയിൽ നിർമാണമാരംഭിച്ച ശൈഖ് ജാബിർ സ്റ്റേഡിയ നിർമാണം 2015 ലാണ് പൂർത്തിയാകുന്നത്. നാലു തട്ടുകളായി നിർമിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയിൽ 68,000 പേർക്കിരിക്കാം. 54 കോർപറേറ്റ് ബോക്‌സുകളുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അതിനിടെ ആറ് സ്റ്റേഡിയങ്ങൾക്ക് പുറമെ സ്പോർട്സ് സിറ്റിയും അധികൃതരുടെ പരിഗണനയിലുള്ളതായി വാർത്തകളുണ്ട്.