ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന്‍ കെ. പട്ടേലും അധികാരമേറ്റു. അടുത്ത നാലു വര്‍ഷത്തേക്കാണ് അധികാരം. ഏവര്‍ക്കും ജനകീയമായ മുന്നേറ്റം ഉറപ്പു വരുത്തുന്നതിനൊപ്പം അടുത്ത നാലു വര്‍ഷത്തേക്കുള്ള വ്യക്തമായ പദ്ധതികള്‍ തയാറാക്കിയായിരിക്കും മുന്നേറുന്നതെന്ന് കെ. പി. ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച തുല്യനീതി എന്നതു തന്നെയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് സുരേന്ദ്രന്‍ കെ. പട്ടേലും പറഞ്ഞു.
ഭരണത്തുടര്‍ച്ച…. കെ. പി. ജോര്‍ജില്‍ പ്രതീക്ഷകളേറെ…
ജനകീയനായ കെ.പി ജോര്‍ജ് പൊതുകാര്യനിര്‍വഹണ രംഗത്തെ അതിവിദഗ്ധന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്. കെ.പി.ജോര്‍ജിന്റെ തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതുന്നതു കൂടിയാണ്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി സ്‌കൂള്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ജോര്‍ജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗല്‍ഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വപ്രയത്നം കൊണ്ടാണ് ഈ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ജില്ലാ കളക്ടര്‍ക്ക് തതുല്യമായ പദവിയാണ് കൗണ്ടി ജഡ്ജിനുള്ളത്.
അമേരിക്കയിലെ മൂന്നു പതിറ്റാണ്ടിന്റെ സാന്നിധ്യം കൂടിയാണ് കെ. പി. ജോര്‍ജ്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത് കെ.പി.ജോര്‍ജിലൂടെയാണ്. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ളതുകൊണ്ട് ഭരണനിര്‍വഹണത്തില്‍ വ്യക്തമായ പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ജനകീയമായി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചുവടുകള്‍ നീക്കി, പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം കൈയ്യടി നേടി. അതുകൊണ്ടുതന്നെ ആ പ്രവര്‍ത്തനങ്ങളൊക്കെയും പരാതിരഹിതമായി
അമേരിക്കന്‍ സമൂഹത്ത പിടിച്ചുകുലുക്കിയ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനകീയമായ മുന്നേറ്റം കാഴ്ചവച്ചു. വാക്സിനേഷന്‍ നിരക്കില്‍ കൗണ്ടി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയത് ജോര്‍ജിന്റെ ആസൂത്രണ മികവുകൊണ്ടു മാത്രമാണ്. കോവിഡ് പരിശോധന, രോഗികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കി. പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കായി സാമ്പത്തിക സഹായങ്ങളും ഇളവുകളും നല്‍കി. ഇതിനെ തുടര്‍ന്ന് പുത്തന്‍ തൊഴില്‍ അവസരങ്ങളും ഒരുക്കി.
ദുരന്തമുഖങ്ങളില്‍ ജോര്‍ജിന്റെ സംഘാടനവും ഏകോപനവും തികഞ്ഞ പക്വതയോടെയായിരുന്നു. കൊടുങ്കാറ്റ് നാശം വിതച്ചനാളുകളില്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നു. അടിയന്തര അറിയിപ്പുകള്‍ ടെക്സ്റ്റ് മെസേജിലൂടെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കി. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അമേരിക്കന്‍ ആര്‍മിയുമായി ചേര്‍ന്ന് തയാറാക്കിയ 25 ഇന പരിപാടി ഫലം കണ്ടു.
ഗതാഗത സൗകര്യം മികച്ചതാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയത് ജോര്‍ജിന്റെ കാലത്താണ്.
വിദ്യാഭ്യാസ നയം, വെള്ളപ്പൊക്ക ലഘൂകരണ നിയന്ത്രണ പദ്ധതികള്‍, ഫ്ലഡ് നെറ്റ്വര്‍ക്ക് ക്യാമറ പദ്ധതി, ശിശുസംരക്ഷണ പദ്ധതികള്‍, കായികവും മാനസികവുമായ ഉണര്‍വിനു കരുത്തു പകരുന്ന പദ്ധതികള്‍ തുടങ്ങിയവ ജനശ്രദ്ധ നേടി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കി. പുതിയ പാര്‍ക്കുകള്‍, മൈതാനങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവ ആരംഭിച്ചു. മാനസികോല്ലാസത്തിന് പ്രത്യേക പരിഗണന നല്‍കി. യുവശാക്തീകരണത്തിന്റെ ഭാഗമായി നടത്തി യൂത്ത് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ പദ്ധതി, യൂത്ത് ജോബ് പദ്ധതി എന്നിവയിലൂടെ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇരുനൂറ്റി അന്‍പതിലേറെ ചെറുപ്പക്കാര്‍ക്ക് കൗണ്ടിയിലെ 37 ഡിപ്പാര്‍ട്ടുമെന്റുകളിലായി തൊഴില്‍ അവസരങ്ങള്‍ ഒരുക്കി.
2019-22 കാലഘട്ടത്തില്‍ സാമ്പത്തിക വികസനത്തില്‍ ഫോര്‍ട് ബെന്‍ഡ് കൗണ്ടി ടെക്സസിലെ രണ്ടാം സ്ഥാനത്തെത്തി. അതിവേഗ വികസനത്തില്‍ ടെക്സസിലെ രണ്ടാമത്തെ കൗണ്ടിയും അമേരിക്കയിലെ പതിമൂന്നാം സ്ഥാനത്തെ കൗണ്ടിയായും ഫോര്‍ട് ബെന്‍ഡ് ഉയര്‍ന്നു.
കൗണ്ടി ഗവണ്‍മെന്റിന്റെ മീറ്റിംഗുകളെല്ലാം ലൈവ് സ്ട്രീം ചെയ്തത് സുതാര്യതയുടെ ഭാഗമായി ആയിരുന്നു. സംസ്ഥാനത്ത് തന്നെ കൗണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാ വിഷയമായത് ജോര്‍ജിന്റെ പാടവം കൊണ്ടു മാത്രമാണ്.
ഫോര്‍ട്ബെന്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലന്‍മേരി, സ്നേഹ എന്നിവരാണ് മക്കള്‍.
തുല്യനീതി ഉറപ്പാക്കാന്‍ സുരേന്ദ്രന്‍ കെ പട്ടേല്‍
240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലേബലില്‍ ആയിരുന്നു മല്‍സരം. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് സുരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡ്രസ്ട്രിയല്‍ ലോ എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ്.
കേരളത്തില്‍ ജനിച്ച സുരേന്ദ്രന്‍ 1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ ആണ് ഭാര്യയോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. റജിസ്റ്റേഡ് നഴ്‌സായ ഭാര്യയ്ക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ലഭിച്ചു. പിന്നീട്, അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായ സുരേന്ദ്രന്‍ 2009-ല്‍ ബാര്‍ എക്‌സാം പാസായി. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സുരേന്ദ്രന്‍ പട്ടേല്‍ റണ്‍ ഓഫില്‍ എത്തിയിരുന്നു.
അധികാരമേറ്റ കെ. പി. ജോര്‍ജ്, സുരേന്ദ്രന്‍ കെ പട്ടേല്‍ എന്നിവരെ ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ആശംസകള്‍ നേര്‍ന്നു.