ഒട്ടാവ: വിദേശികള്‍ വീട് വാങ്ങുന്നതിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡ. രാജ്യത്തെ പൗരന്‍മാര്‍ക്ക് വീട് ലഭിക്കാത്ത സാഹചര്യമായതിനെ തുടര്‍ന്നാണ് നടപടി. പൗരന്മാര്‍ക്ക് കൂടുതല്‍ താമസ സ്ഥലങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
എന്നാല്‍, അഭയാര്‍ഥികള്‍ക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും വിലക്കില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലുള്ള താമസസ്ഥലങ്ങള്‍ക്കു മാത്രമായിരിക്കും വിലക്കുണ്ടാകുക. അതേസമയം, വേനല്‍ക്കാല വസതികള്‍ പോലുള്ള വിശ്രമസ്ഥലങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല.
വിദേശികള്‍ വാന്‍കൂവറിലും ടൊറന്റോയിലും വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേര്‍പ്പെടുത്തിയിരുന്നു. കാനഡയില്‍ വീടുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ തദ്ദേശവാസികള്‍ക്ക് താമസസ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാന വാഗ്ദാനവും വിദേശികള്‍ വീട് വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്നതായിരുന്നു.
ട്രൂഡോ അധികാരത്തിലെത്തിയതോടെ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍, കാനഡയില്‍ അഞ്ച് ശതമാനത്തില്‍ താഴെമാത്രമാണ് വിദേശികളുള്ളത്. അതിനാല്‍ വീടുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വീടുകളുടെ വില കുറയാന്‍ സഹായിക്കില്ലെന്നും പകരം, കനേഡിയന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം