കോഴിക്കോട്: കൗമാര കലയുടെ കേളികൊട്ടൊരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് എത്തി. ഒരു മണിക്കൂർ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ കൂടുതൽ പൊലീസെത്തിയാണ് പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് സ്വർണ്ണ കപ്പ് കൊണ്ടുവന്നത്. മതിയായ സുരക്ഷ ഇല്ലാതെ നൂറ്റിപതിനേഴര പവൻ സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെയാണ് കപ്പ് കൊണ്ടുവരുന്നത് നീണ്ടത്.
2019ൽ കാസർക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. സാധരണ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കൊണ്ടുപോവുക. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി നിയോഗിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാട് എടുത്തത്. തുടര്‍ന്നാണ് കൂടുതല്‍ പൊലീസ് എത്തിയത്. കോഴിക്കോട്ട് എത്തിയ കപ്പ് മന്ത്രിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി.