സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി റിയാദ്. ഇന്ന് വൈകുന്നേരം നടക്കുന്ന അവതരണ ചടങ്ങിൽ റൊണാൾഡോയെ ഔദ്യോഗികമായി അൽ നാസർ അംഗമായി പ്രഖ്യാപിക്കും. റൊണാൾഡോയെ അവതരിപ്പിക്കുന്നത് കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് സൗദി അറേബ്യൻ ടീം അറിയിച്ചു.
അൽ നാസർ അംഗമായി റൊണാൾഡോയെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഇന്ന് രാത്രി (ചൊവ്വ, ജനുവരി 3) 7 മണിക്ക് മർസൂൽ പാർക്കിൽ നടക്കും. 25,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാൽ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം അനുവദിക്കുക. ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഈഗൻ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ചാരിറ്റബിൾ വർക്കിന് സംഭാവന ചെയ്യും.
റൊണാൾഡോയുടെ പത്രസമ്മേളനവും ആരാധകരുടെ മുന്നിൽ ആദ്യ പരിശീലന സെഷനുമുണ്ടാവും. കോച്ച് റൂഡി ഗാർസിയയുമായും റൊണാൾഡൊ സംസാരിക്കും. തിങ്കളാഴ്ച്ച രാത്രി 11.30 നാണ് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത്.