തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വെറും വാക്ക് ആകുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നും അന്ന് തീരുമാനിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ അന്ന് പ്രഖ്യാപിച്ച നടപടികൾ മിക്കതും കടലാസ്സിൽ ഒതുങ്ങി.
സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് 6 ലക്ഷം സ്ഥാപനങ്ങളാണ്.ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40000 ൽ താഴെ എണ്ണത്തിന് മാത്രമാണ്. 6 ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.പരിശോധനകൾ പ്രസഹനമാവുകയാണ്.അതെ സമയം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശോധനകൾ നടക്കാത്തതല്ല ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.
.ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ്. ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ ചിത്രം മാറുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്.
പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ഏറെ നാളായി. പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു ഇതിലൊന്ന്. ഇതും ഉടനെ പ്രവർത്തന സജ്ജമാകുമെന്നാണ് സർക്കാർ പറയുന്നത്.ഇതുവരെ നാൽപ്പത്തിയെട്ടായിരത്തിനടുത്ത് പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. 1 കോടി 34 ലക്ഷം രൂപയ്ക്ക് മീതെ പിഴയീടാക്കി, 3244 കേസുകൾ തീർപ്പാക്കി. ഈ കണക്കുകൾ നിരത്തിയാണ് കോട്ടയത്തെ മരണത്തോടെ വീണ്ടും ശക്തമായ വിമർശനങ്ങളെ വകുപ്പ് പ്രതിരോധിക്കുന്നത്. പരിശോധന മാത്രം മതിയാകില്ലെന്ന മറുപടിയും.റേറ്റിങ് അടിസ്ഥാനത്തിൽ ഹൈജീൻ ആപ്പിന് കീഴിലേക്ക് വരാൻ എത്ര ഹോട്ടലുകൾ തയാറാകുമെന്നത് കൂടി സംരംഭത്തിന്‍റെ വിജയത്തിൽ നിർണായകമാവുമെന്നുറപ്പ്.