മസ്തിഷ്ക കാൻസറിനെ പ്രതിരോധിക്കാൻ അമേരിക്കയിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടുപിടിച്ചു. അർബുദ ചികിത്സാരംഗത്തു പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഗവേഷണ ഫലമാണ് ബ്രിഗാം വനിതാ ആശുപത്രിയിലെ എം എസ് പിഎച്ച്ഡി ഡോക്ടർ ആയ ഖാലിദ് ഷായും സംഘവും കണ്ടെത്തിയിരിക്കുന്നത്. സെൽ തെറാപ്പിയിലൂടെ അർബുദ കോശങ്ങളെ മസ്തിഷ്കാർബുദത്തിനെതിരെ പ്രവർത്തിപ്പിക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്.
ഇതിലൂടെ മസ്തിഷ്കത്തിലെ ട്യൂമർ ഇല്ലാതാക്കാകുകയും ശരീരത്തിന് ദീർഘകാലത്തെ പ്രതിരോധശക്തി നൽകുകയും ചെയ്യുന്നു. കൂടാതെ ഭാവിയിൽ മസ്തിഷ്കാർബുദത്തെ പ്രതിരോധിക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അതിതീവ്ര മസ്തിഷ്കാർബുദമായ ഗ്ലിയോബ്ലാസ്‌റ്റോമ ബാധിച്ച എലിയിൽ നടത്തിയ പരീക്ഷണം പൂർണ വിജയം ആയെന്നു ശാസ്ത്രജ്ഞർ അറിയിച്ചു. ശാസ്ത്ര ജേർണൽ ആയ സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ മാസികയിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
അർബുദ കോശങ്ങൾ അർബുദത്തിനെതിരെ പ്രവർത്തിക്കുകയും വാക്‌സിൻ ആവുകയും ചെയ്യുകയെന്ന ലളിതമായ ആശയമാണ് പ്രവർത്തികമാക്കിയതെന്നു സെന്റർ ഫോർ സ്റ്റം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പി ഡയറക്ടർ കൂടിയായ ഖാലിദ് ഷാ പറഞ്ഞു. പതിവ് രീതിക്ക് വ്യത്യസ്തമായി മൃത കോശങ്ങൾക്ക് പകരം സജീവ അർബുദ കോശങ്ങളെ ഉപയോഗിച്ചാണ് ഷായും സംഘവും ഗവേഷണം നടത്തിയത്.
അർബുദ കോശങ്ങൾ സഹ കോശങ്ങളെ കണ്ടെത്താൻ മസ്തിഷ്കത്തിലൂടെ ദീർഘദൂരം സഞ്ചരിക്കും. ഈ സവിശേഷതയെ പ്രയോജനപ്പെടുത്തിയാണ് സിർഐഎസ്‌പി ആർ സി എ എസ് 9 എന്ന ടൂൾ ഉപയോഗിച്ചു അർബുദ കോശങ്ങളെ ആന്റി സെൽ ആക്കി മാറ്റിയത് . കൂടാതെ അർബുദ കോശങ്ങൾക്ക് ചുറ്റുമായി രണ്ട് പാളികൾ ഉള്ള സുരക്ഷാ കവചവും നിർമിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ആന്റി സെൽ ആക്കിയ അർബുദ കോശങ്ങളെ ഇല്ലാതാക്കാനും ഇത് വഴി സാധിക്കും.
മറ്റ് അർബുദങ്ങൾ ബാധിച്ച എലികളിലും സമാന വാക്‌സിൻ ഉപയോഗിച്ചു പരീക്ഷണം നടത്തി. കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവമായി മാറിയ ബേസ് എഡിറ്റിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ലണ്ടണ്‍ ഗ്രേറ്റ് ഓര്‍മന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ കാൻസർ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.
ബയോളജിക്കല്‍ എഞ്ചീനിയറിംഗിലൂടെ ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ച് കണ്ടെത്തിയ ചികിത്സാ രീതിയാണ് അലീസ എന്ന പെണ്‍കുട്ടിയുടെ രക്താർബുദ ചികിത്സയ്ക്ക് വഴിത്തിരിവാകുകയും കുട്ടിയ്ക്ക് രോഗം പൂര്‍ണ്ണമായും ഭേദമാകാൻ കാരണമാകുകയും ചെയ്തത്. ബിബിസി റിപ്പോർട്ട് പ്രകാരം ചികിത്സ പൂർത്തിയായ ആറുമാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ യാതൊരു ലക്ഷണവും അലീസയില്‍ ഇല്ല. എന്നിരുന്നാലും ഇപ്പോഴും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ് അലീസ.