പുതുശ്ശേരി • സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ചു 8.55 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മുംബൈ ജിടിബി നഗർ, കൊള്ളിവാടാ, ജികെ ബാസിൻ മാർഗ് കോളനിയിൽ ദിപേഷ് സന്തോഷ് മാസാനിയെയാണ് (23) ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ നിന്നു പിടികൂടിയത്. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്. 2021 ഓഗസ്റ്റിലാണു സംഭവം. സമൂഹമാധ്യമം വഴി സ്ഥിരമായി ചാറ്റ് ചെയ്തു ദിപേഷ് യുവതിയുമായി സൗഹൃദത്തിലായി.
യുവതിയെ കാണാൻ വരുന്നുണ്ടെന്നും വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നു നേരിട്ട് വാങ്ങണമെന്നും യുവതിയോടു പറഞ്ഞു. സമ്മാനം കൈപ്പറ്റാൻ കസ്റ്റംസിനു പണം അടയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. യുവതി പണം അടയ്ക്കാൻ മടിച്ചതോടെ സമ്മാനത്തിനു കോടികൾ വിലമതിക്കുമെന്നും അതുകൊണ്ട് 8.5 ലക്ഷം രൂപ നഷ്ടമാകില്ലെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഒടുവിൽ 2 അക്കൗണ്ടുകളിലായി 4 തവണകളായി യുവതി 8,55,500 രൂപ അയച്ചു. ഒരാഴ്ചയ്ക്കു ശേഷം ദിപേഷിന്റെ ഫോൺ നമ്പർ സ്വിച്ച് ഓഫായി.
പല തവണ ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെയാണു കബളിപ്പിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്നു സംശയിക്കുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, എഎസ്പി ഷാഹുൽ എ.ഹമീദ്, ഡിവൈഎസ്പി അനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജഗൻ മോഹൻ ദത്ത, സീനിയർ സിപിഒമാരായ എം.കാജാ ഹുസൈൻ, എസ്.നിഷാദ്, എം.മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.