2023ലെ ആദ്യ ഹിറ്റുറപ്പിച്ച് എന്നാലും ന്റെ അളിയാ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിച്ചുമൊക്കെ ചിത്രം തിയറ്ററുകളെ ഇളക്കി മറിയ്ക്കുകയാണ്. കലര്‍പ്പില്ലാത്ത തമാശയും കുടുംബാന്തരീക്ഷവുമൊക്കെ സിനിമയെ ശ്രദ്ധേയമാക്കുകയാണ്. ചിത്രത്തില്‍ സുരാജ്, സിദ്ദിഖ്, ലെന എന്നിവരാണ് പൊട്ടിച്ചിരി പടര്‍ത്തുന്നത്.
പ്രവാസലോകത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള അവിചാരിതമായ ഒത്തുച്ചേരലിന്റെ കഥയാണിത്. പ്രവാസിയായ ബാലുവും ലക്ഷ്മിയും ഒരു കുഞ്ഞിനുവേണ്ടിയുള്ള തയാറെടുപ്പിലാണ്. ഇതിനിടയിലാണ് അളിയനായ വിവേക് അവര്‍ക്കിടയിലേക്ക് എത്തുന്നത്. ഉഷപ്പനായ വിവേക് ബാലുവിന്റെ സമാധാനം കെടുത്തുന്നു. അളിയനെ ഭാരമായി കണ്ടുപോകുന്നതിനിടയില്‍ ഒരിക്കല്‍ ബാലു അവിചാരിതമായി പ്രവാസിയായ കരീമിനെയും കുടുംബത്തേയും കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് എന്നാലും ന്റെ അളിയാ.
കലര്‍പ്പില്ലാത്ത തമാശകളാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിരിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചുമൊക്കെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചിരിയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചിന്തകള്‍ പുത്തന്‍ സമൂഹത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്. സിനിമയെ ആസ്വാദ്യമാക്കുന്നതും ഇത്തരം ഘടകങ്ങള്‍ തന്നെയാണ്.
സിനിമയെ ഹൃദ്യമായി പറയാന്‍ സംവിധായകനായ ബാഷ് മൊഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറുമൂട് ബാലുവിനെ ആസ്വാദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം കോമഡി വേഷത്തിലെത്തുന്ന സിദ്ദിഖിന്റെ ശ്രദ്ധേയമായ കഥാപാത്രമാണ് കരീം. തുടക്കം മുതല്‍ പൊട്ടിച്ചിരിപ്പിക്കാന്‍ സിദ്ദിഖിനായി. സിദ്ദിഖിനൊപ്പം ലെനയുടെ തമാശ കഥാപാത്രവും എടുത്തു പറയേണം. ലെനയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലെ സുലു. സുലു എല്ലാ രംഗങ്ങലിലും നമ്മെ അതിശയിപ്പിക്കുന്നുണ്ട്.
ഗായത്രി അരുണിന്റെ പ്രകടനവും സിനിമയെ ഹൃദ്യമാക്കി. പ്രകാശ് വേലായുധന്റെ ഛായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, വില്യം ഫ്രാന്‍സിസിന്റെ സംഗീതം എന്നിവയും കൈയടിവാങ്ങുന്നുണ്ട്.