ദുബായ്: പ്രമുഖ കൊറിയര്‍ കമ്പനികളില്‍ നിന്നുള്ളതെന്ന് തോന്നിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ വഴി തട്ടിപ്പുകള്‍ നടത്തുന്ന സംഘം യുഎഇയില്‍ സജീവമാണെന്നും ഇത്തരം ഫിഷിംഗ് തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ടെലികോം നിരീക്ഷണ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് വ്യാജ കമ്പനികളില്‍ നിന്ന് സന്ദേശങ്ങള്‍ വരുന്നത്. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഈ സന്ദേശങ്ങള്‍ വഴി വ്യാപകമായ തട്ടിപ്പുകളാണ് നടക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിആര്‍ഡിഎ) പറഞ്ഞു.
ആരെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ദുബായ് പോലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴി വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ കോളിലൂടെയോ ഓണ്‍ലൈനിലൂടെയോ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും ദുബായ് പോലീസിലെ സൈബര്‍ ക്രൈം വിഭാഗം ഡയറക്ടര്‍ ബ്രിഗ് സയീദ് അല്‍ ഹജ്രി പറഞ്ഞു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വെളിച്ചത്തില്‍, വിദേശ രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നുവെന്നതാണ് വലിയ അപകടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം തട്ടിപ്പുകളുടെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്നും ദുബായ് പോലിസ് മുന്നറിയിപ്പ് നല്‍കി.