വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയതോടെ യു.എസിൽ ആപ്പിന്റെ നിലനില്പ് അനിശ്ചിതത്വത്തിൽ. യു.എസ്. സർക്കാർ പുറത്തിറക്കിയ ഉപകരണങ്ങളിൽ ടിക്ടോക് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബൈഡൻ ഒപ്പുെവച്ചത്. യു.എസ്. ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. യു.എസിലെ ദശലക്ഷക്കണക്കിന് യുവാക്കൾ ഇത് ഉപയോഗിക്കുന്നു. ഇതിലൂടെ ഡേറ്റകൾ ചോർത്തുന്നതായി യു.എസ്. ഭരണകൂടം സംശയിക്കുന്നു. ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണത്തിനുള്ള മാർഗമായി മാറുമെന്നും സംശയമുണ്ട്.
മാധ്യമപ്രവർത്തകർക്ക് വാർത്തകൾ ചോർന്നുകിട്ടുന്ന വഴിയുടെ ഉറവിടം കണ്ടെത്താൻ ടിക്ടോക് വിവരങ്ങൾ ഉപയോഗിച്ചെന്ന് കഴിഞ്ഞമാസം ബൈറ്റ് ഡാൻസ് തന്നെ സമ്മതിച്ചിരുന്നു.