ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പോഷക സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ (പിഎഎഫ്എഫ്) കേന്ദ്ര സർക്കാർ നിരോധിച്ചു. ജമ്മു കശ്മീരിലും മറ്റ് പ്രദേശങ്ങളിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
അതോടൊപ്പം ലഷ്‌കറെ-ത്വയ്ബ അംഗമായ അര്‍ബാസ് അഹമ്മദ് മീറിനെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ ഭീഷണിയാണ് പിഎഎഫ്എഫ് എന്ന സംഘടനയെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സംഘടന നേതൃത്വം നല്‍കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
പിഎഎഫ്എഫ്, യുവാക്കളെ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും അവര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി. ഇക്കാരണങ്ങള്‍ കൊണ്ടാണ് യുഎപിഎ നിയമപ്രകാരം സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.